‘സവാരി’ വരുന്നു; സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ്; രാജ്യത്ത് ആദ്യം; ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ

തിരുവനന്തപുരം: സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു. ‘സവാരി’ എന്നാണ് പേര്. സർക്കാരിനുകൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിൽ. താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്. സ്‌കറിയ പറഞ്ഞു. കളമശ്ശേരിയിലെ വി.എസ്.ടി. എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സോഫ്റ്റ്‌വേർ തയ്യാറാക്കുന്നത്. പ്രാഥമികഘട്ടത്തിൽ 10 കോടി രൂപ ചെലവാക്കുന്നത് ഐ.ടി.ഐ. ആണ്.

ഓൺലൈൻ സേവനത്തിന് ട്രാക്കിങ് ഉപകരണം ഐ.ടി.ഐ. നിർമിച്ചുനൽകും. വിപണിയിൽ 11,000 രൂപ വില വരുന്ന ഉപകരണം 5500 രൂപയ്ക്കാണ് നൽകുക. കേന്ദ്ര മോട്ടോർ വാഹനനിയമഭേദഗതിപ്രകാരം ട്രാക്കിങ് ഉപകരണം നിർബന്ധമായതിനാൽ ഉടമകൾക്ക് പദ്ധതി ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിൽ ചേരാൻ 200 രൂപയുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഉണ്ടാവും. കോൾ സെന്റർ സജ്ജീകരിക്കുന്നതും ഉപകരണത്തിന്റെ ഇൻസ്റ്റലേഷൻ അടക്കമുള്ള ജോലികളും ഐ.ടി.ഐ. നിർവഹിക്കും.

24 മണിക്കൂർ സേവനം സംസ്ഥാനത്തിന്റെ ഏതുകോണിലും, പദ്ധതിയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് ഇന്ധന സബ്‌സിഡി പരിഗണനയിൽ, വർക്ക്‌ ഷോപ്പുകൾ, സ്പെയർപാർട്‌സ് കടകൾ എന്നിവയിൽ ആനുകൂല്യങ്ങൾ, ട്രാക്കിങ് ഉപകരണത്തിൽ വരുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ 60 ശതമാനം തൊഴിലാളികൾക്ക്, യാത്രക്കാരനും ഡ്രൈവർക്കും പരാതിപ്പെടാനുള്ള സംവിധാനം എന്നിവയാണ് സവാരിയുടെ പ്രധാനപ്പെട്ട പ്രത്യേകതകള്‍.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ.) ചേർന്നുള്ള സംരംഭത്തിന്റെ അന്തിമരൂപരേഖയായി.

ധനകാര്യം, ഐ.ടി., പോലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴിൽവകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവിൽ വരുക. മാർച്ചിൽ കരാർ ഒപ്പിടാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോർഡ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. സ്വകാര്യ ഓൺലൈൻ ടാക്സി വന്നതിനെത്തുടർന്നുള്ള തൊഴിൽനഷ്ടം നികത്താനാകുമെന്നാണ് പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular