കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ ഇനി പ്രതീക്ഷിക്കേണ്ട; ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ അറിയാന്‍

ഫ്‌ളിപ്കാര്‍ട്ടും, ആമസോണും അടക്കമുള്ള ഇകൊമേഴസ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റ പ്രധാന ആകര്‍ഷണീയതകളിലൊന്ന് അവര്‍ നല്‍കുന്ന ഇളവുകൾ ആണ്. എന്നാല്‍, ഈ വര്‍ഷം അധികം ഡിസ്‌കൗണ്ട് പ്രതീക്ഷിക്കേണ്ട, പ്രത്യേകിച്ചും 15,000 രൂപയില്‍ താഴെയുള്ള ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം, ഇതേവരെ അപ്രതീക്ഷിത വില്‍പനയാണ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തി വിറ്റഴിക്കോനുള്ള സാധനങ്ങളൊന്നും അധികമായി കെട്ടിക്കിടക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ടിവി മുതലായ ഉപകരണങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു കാണാം. ഈ സാഹചര്യത്തില്‍ കടകളില്‍ ഡിസ്‌കൗണ്ട് മേളകള്‍ സംഘടിപ്പിച്ചാലും ആളുകള്‍ അവിടെ ചെല്ലണമെന്നില്ല എന്നതും ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ വിലകുറച്ചു വില്‍ക്കേണ്ടതില്ലെന്നു തീരുമാനിക്കാനുള്ള കാരണങ്ങളിലൊന്നാണത്രെ. തുണി ഉല്‍പന്നങ്ങളിലും അധികം ഡിസ്‌കൗണ്ട് ലഭിച്ചേക്കില്ല.

ഉത്സവ സീസണുകളില്‍ പോലും പേരിനുള്ള ഡിസ്‌കൗണ്ട് മാത്രമാണ് കാണുക എന്നാണ് പറയുന്നത്. മിക്ക നഗരങ്ങളിലെയും കടകള്‍ക്ക്, തങ്ങങ്ങളുടെ കോവിഡിനു മുൻപുള്ള വില്‍പനയുടെ 30-50 ശതമാനം കച്ചവടമേ ലഭിക്കുന്നുള്ളു. കൂടുതല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവരുടെ സെല്ലര്‍മാര്‍ക്കും ഡിസ്‌കൗണ്ട് കുറച്ചു നല്‍കിയാല്‍ മതി എന്ന ആത്മവിശ്വാസം പകരാനുള്ള കാരണങ്ങളിലൊന്ന്. ഇതുകൂടാതെ, അധികം ഡിസ്‌കൗണ്ട് നല്‍കുന്നു എന്ന ആരോപണം ഇല്ലാതാക്കാനും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് സാധിച്ചേക്കും.

എല്ലാം നല്ല നിലയില്‍ പോയിരുന്ന സമയത്തുപോലും ഓണ്‍ലൈന്‍ വ്യാപാരികള്‍ അമിത ഡിസ്‌കൗണ്ട് നല്‍കുന്നു എന്ന ആരോപണവുമായി കടകള്‍ നടത്തുന്നവരുടെ സംഘടനകള്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പരിധിവിട്ടുള്ള ഡിസ്‌കൗണ്ട് പാടില്ലെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇപ്പോള്‍ പല കടക്കാരും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ ആവശ്യത്തിലേറെ ഡിസ്‌കൗണ്ട് ഓണ്‍ലൈനില്‍ ലഭിക്കുന്നുവെന്നു പറഞ്ഞാല്‍ അതു പ്രശ്‌നത്തിലേക്കു നയിക്കുമെന്നും ഓണ്‍ലൈന്‍ വ്യാപാരികള്‍ കരുതുന്നു.

pathram:
Related Post
Leave a Comment