മൊറട്ടോറിയം തീരുമ്പോൾ വായ്പ പുനഃക്രമീകരണം; വ്യവസ്ഥകൾ സെപ്റ്റംബർ ആദ്യം

കോവിഡ് പ്രതിസന്ധി കാരണം തിരിച്ചടവു മുടങ്ങിയ വായ്പകളുടെ പുനഃക്രമീകരണം സംബന്ധിച്ച വ്യവസ്ഥകൾ സെപ്റ്റംബർ 6നു പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഈ മാസം 31ന് അവസാനിക്കുന്ന തിരിച്ചടവു സാവകാശം (മൊറട്ടോറിയം) 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ നീട്ടാൻ ഒറ്റത്തവണ പുനഃക്രമീകരണത്തിൽ സാധിക്കും.

ഈ മാസം ആദ്യം റിസർവ് ബാങ്ക് രൂപീകരിച്ച, പ്രമുഖ ബാങ്കർ കെ.വി.കാമത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ് ബിസിനസ് വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള അർഹത കണ്ടെത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കുക. അല്ലാത്ത വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ തന്നെ തീരുമാനമെടുക്കും. വായ്പ കാലാവധി 2 വർഷം വരെ നീട്ടുന്നതിനും ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകളുടെ ആരോഗ്യവും ബിസിനസുകളുടെ നിലനിൽപ്പും ഒരുപോലെ പ്രധാനമാണെന്നു ഗവർണർ പറഞ്ഞു.

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം താൽക്കാലിക പരിഹാരം മാത്രമാണ്. മൊറട്ടോറിയം അവസാനിക്കുമ്പോൾ ബാങ്കുകളുടെ കിട്ടാക്കടം കുതിക്കുമെന്ന ആശങ്കയ്ക്കു പരിഹാരമാകും സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്ന വായ്പ പുനഃക്രമീകരണമെന്നും അദ്ദേഹം പറ‍ഞ്ഞു.

pathram desk 1:
Related Post
Leave a Comment