രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം; ജിന്‍സിക്ക് ധ്യാന്‍ചന്ദ്; 27 പേര്‍ക്ക് അര്‍ജുന

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍, മണിക ബത്ര, പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

മുന്‍ മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. 2000-ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ പരംജീത്ത് കൗര്‍, റോസക്കുട്ടി, കെ.എം ബീനാ മോള്‍ എന്നിവര്‍ക്കൊപ്പം 4 400 മീറ്റര്‍ റിലേയില്‍ മത്സരിച്ച താരമാണ് ജിന്‍സി. ഇപ്പോള്‍ തൃശൂര്‍ സായിയിലെ പരിശീലകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ഫുട്‌ബോള്‍ താരം സന്ദേശ് ജിംഗാന്‍, അത്‌ലറ്റ് ദ്യുതീ ചന്ദ് എന്നിവരടക്കം 27 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.

ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായ് (അത്‌ലറ്റിക്‌സ്), ശിവ് സിങ് (ബോക്‌സിങ്), റൊമേഷ് പതാനിയ (ഹോക്കി), കൃഷന്‍ കുമാര്‍ ഹൂഡ (കബഡി), നരേഷ് കുമാര്‍ (ടെന്നീസ്), ഓം പര്‍കാഷ് ദഹിയ (ഗുസ്തി), വിജയ് ബാലചന്ദ്ര (പാരാ പവര്‍ലിഫ്റ്റിങ്) എന്നിവരാണ് ലൈഫ് ടൈം വിഭാഗത്തില്‍ ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഖേല്‍ രത്‌ന ബഹുമതി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1998), എം.എസ് ധോനി (2007), വിരാട് കോലി (2018) എന്നിവരെ ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.

pathram:
Leave a Comment