സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു; റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നു; കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക താത്പര്യം നോക്കി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു, ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിമര്‍ശിച്ചത്.

മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയുമായി ബന്ധപ്പെട്ട് ക്ഷേത്രം തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് ജെയിന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പര്യുഷന പൂജയ്ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ മുംബൈ ദാദര്‍, ബൈകുള്ള, ചെമ്പൂര്‍ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങള്‍ തുറക്കാന്‍ കോടതി വ്യവസ്ഥകളോടെ അനുമതി നല്‍കി.

അതേസമയം, ഈ ഉത്തരവ് ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ക്കോ മറ്റ് ക്ഷേത്രങ്ങള്‍ക്കോ ബാധകമല്ലെന്നും കോടതി ആവര്‍ത്തിച്ചു.

“സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു. സാമ്പത്തികം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കോവിഡ് ഭീഷണി ഉണ്ടെന്ന് പറയുന്നു, ഇത് വളരെ അസാധാരണമായി തോന്നുന്നു”- ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

pathram:
Related Post
Leave a Comment