കോവിഡ് വാക്സിൻ; പഠനരീതി മാറണം, രോഗലക്ഷണം കുറവുള്ളവരിൽ കൂടുതൽ പഠനങ്ങൾ അനിവാര്യം

ലോകത്തെമ്പാടും കോവിഡ്-19നു വേണ്ടി നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ ദിശ ഇനി ചെറിയ തോതിലെങ്കിലും മാറേണ്ട സമയമായെന്ന് വിലയിരുത്തൽ. വിവിധ രാജ്യങ്ങളിൽ നടക്കുന്ന പഠനങ്ങളെ വിലയിരുത്തി ശാസ്ത്രസമൂഹം അത്തരമൊരു മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ജൂലൈ 28 വരെ വരെ ലോകത്തെമ്പാടുമായി 1840 ക്ലിനിക്കൽ പരീക്ഷണങ്ങൾ റജിസ്റ്റർ ചെയ്തെങ്കിലും 1001 പഠനങ്ങൾ മാത്രമാണ് രോഗികളിൽ ശരിക്കും ആരംഭിച്ചത്. ഇതിൽ 30 പഠനങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ റിവ്യൂ ചെയ്യുകയും ഉണ്ടായി.

രോഗം വരുന്നതിനു മുൻപുള്ള ചികിത്സ, രോഗം വന്നതിനു ശേഷമുള്ള ചികിത്സ, വീട്ടിൽ ചികിത്സിക്കുന്ന രീതികൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന രീതികൾ എന്നിവയാണ് ലോകത്തെമ്പാടും നടന്നുവരുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനം.

ഇതിലെ ഒരു അപാകതയാണ് ശാസ്ത്രസമൂഹം വിലയിരുത്തുന്നത്. പഠനങ്ങളിൽ 61.6 ശതമാനവും ആശുപത്രികളിലെ രോഗികളിൽ മാത്രമാണ് നടക്കുന്നുവെന്നുള്ളതാണ് വസ്തുത. ഇതാണ് തിരുത്തപ്പെടേണ്ടത്. ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയൽ, റിക്കവറി ട്രയൽ എന്നിവയിലും ഇത്തരം മാറ്റം വേണമെന്നു പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.

പഠനങ്ങളിൽ പലതും ലൂപിൻവീർ, റേറ്റിനാവീർ തുടങ്ങിയ മരുന്നുകൾ ആദ്യംതന്നെ ആരംഭിച്ചില്ലെങ്കിൽ ഉപയോഗപ്രദമല്ല എന്നും ഇത്തരം ആന്റി വൈറൽ മരുന്നുകൾ രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഉപയോഗപ്പെടുന്നതിനേക്കാൾ കൂടുതൽ പ്രാരംഭ ദിശയിലാണ് ഉപയോഗപ്പെടുന്നതെന്നും കണ്ടെത്തി.

ഹൈഡ്രോക്സി ക്ലോറോക്കിൻ ഒട്ടുംതന്നെ പ്രയോജനം ചെയ്യുന്നില്ല എന്നുള്ള വസ്തുത ഓർത്തിരിക്കേണ്ടതാണ്. ഒരുപക്ഷേ ലോകത്തെ എല്ലാ രാഷ്ട്രങ്ങളും തലകുലുക്കി സമ്മതിച്ചതാണ് ഡെക്സാമെതാസോൺ പഠനം. ആ പഠനം പോലും രോഗത്തിന്റെ അതിതീവ്ര ഘട്ടത്തിൽ, ഇന്റെൻസിവ് കെയർ യൂണിറ്റുകളിലെ രോഗികളിൽ പരീക്ഷിച്ച പഠനഫലമാണ്.

പുതിയ പഠനങ്ങൾ തീർച്ചയായും രോഗം ആരംഭിക്കുന്നതിനു മുൻപുള്ള ചികിത്സയെക്കുറിച്ചും രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞതിനു ശേഷമുള്ള ചികിത്സയെക്കുറിച്ചും രോഗലക്ഷണമില്ലാത്തവരിലും വളരെ ചെറിയ രോഗലക്ഷണങ്ങളുള്ളവരിലും നടത്തപ്പെണ്ടതാണ്.

അത്തരം പരീക്ഷണങ്ങൾ നടക്കുന്നുവെങ്കിലും അത് എണ്ണത്തിൽ കുറവാണ് എന്നുള്ളതാണ് ഈ ദിശ മാറ്റത്തെ അനിവാര്യമാകുന്നത്. കോവിഡ്19 പിടിപെടുന്ന രോഗികളുടെ ജീവൻ രക്ഷിക്കുക എന്നുള്ളത് തന്നെയാകണം ഏറ്റവും പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഗുരുതര രോഗമുള്ളവരിൽ പഠനങ്ങൾ നടത്തുന്നത് തുടരണം

അതോടൊപ്പം രോഗലക്ഷണം കുറവുള്ളവരിലും വീടുകളിൽ ചികിത്സിക്കുന്നവരിലും പഠനങ്ങൾ കൂടുതൽ വേണമെന്ന് ശാസ്ത്രസമൂഹം ചിന്തിക്കുന്നു.

pathram desk 1:
Leave a Comment