നാലുവട്ടം വയറുകീറി, നാലും പെണ്ണായപ്പോള്‍ അഞ്ചാമതും പ്രസവമുറിയിലേക്ക്; ഭാര്യമാരെ പ്രസവ യന്ത്രമാക്കുന്ന ഭര്‍ത്താക്കന്‍മാർ അറിയാൻ

പ്രസവിക്കാനുള്ളൊരു യന്ത്രമായി മാത്രം ഭാര്യമാരെ കാണുന്ന ഒട്ടനവധി ഭര്‍ത്താക്കാന്‍മാരേയും വീട്ടുകാരെയും കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടര്‍ അഖില്‍ എം വേലായുധന്‍. സ്വന്തം താത്പര്യം മാത്രം നോക്കി ഭാര്യമാരെ പ്രവസമുറിയിലേക്ക് തള്ളിവിടുന്നവരെയാണ് കുറിപ്പിലൂടെ തുറന്നു കാട്ടുന്നത്. നാല് വട്ടം സിസേറിയന്‍ അഭിമുഖീകരിച്ച് അഞ്ചാം വട്ടവും പ്രസവമുറിയിലേക്ക് കയറി വന്ന യുവതിയുടെ അനുഭവവും അതിനു പിന്നിലുള്ള റിസ്‌കും പങ്കുവച്ചാണ് അഖിലിന്റെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു cliche സ്റ്റോറി !

കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ വന്ന ഒരു ഗർഭിണി, ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ G5P4L4, Previous 4 Cs. എന്നു വച്ചാൽ അഞ്ചാമത്തെ ഗർഭം, ആദ്യത്തെ നാലെണ്ണം സിസേറിയൻ.

പ്രസവം എന്താ നിർത്താത്തത് എന്ന് ചോദിക്കേണ്ട താമസം, സ്ഥിരം മറുപടി,

“ആദ്യത്തെ നാലും പെണ്കുട്ടികളാ” !

ഇത്തവണയും പെണ്ണായാലോ ?

“ഭർത്താവ് സമ്മതിക്ക്യോ എന്നറിയില്ല”

ഒരു മനസ്സമാധാനത്തിന് എന്റെ സഹപ്രവർത്തക പറ്റുന്ന രീതിയിലൊക്കെ അപകട സാധ്യതകൾ പറഞ്ഞു കൊടുത്തു.

അഞ്ചാമത്തെ പ്രസവം എന്നതല്ല, നാലു പ്രാവശ്യം വയറു കീറി തുന്നിക്കെട്ടിയ ആളാണ് അഞ്ചാമതും വയറു കീറാൻ വന്നു മുന്നിൽ നിൽക്കുന്നത് എന്നതായിരുന്നു ഞങ്ങളെ ആകുലപ്പെടുത്തിയത്.

സിസേറിയൻ “വയറ് തുറന്നുള്ള ഒരു ഓപ്പറേഷൻ” ആണെന്ന് അതിന്റെ വ്യാപ്തിയിൽ മലയാളികൾ എന്നാണാവോ ഉൾക്കൊള്ളുക !

പ്രസവിക്കാനുള്ളൊരു യന്ത്രമായി മാത്രം ഭാര്യമാരെ കാണുന്ന ഒട്ടനവധി ഭർത്താക്കന്മാരെ/വീട്ടുകാരെ ഞാൻ ലേബർ റൂമിനു വെളിയിൽ കണ്ടിട്ടുണ്ട്.

ചില സംഭാഷണ ശകലങ്ങൾ പറയാം…

“ഇങ്ങള് കുട്ട്യോളെ കുറിച്ച് ആലോചിച്ച് ബേജാറാവണ്ട, ഓൾ പോയാ ഓനെ കൊണ്ട് ഞമ്മള് വേറെ കെട്ടിച്ചോളാം”

“പ്രസവം നിർത്താൻ ഇങ്ങളൊന്ന് ഭർത്താവിനെക്കൊണ്ട് പറഞ്ഞ് സമ്മതിപ്പിക്കാമോ, ഞാൻ പറഞ്ഞു എന്ന് പറയരുത്, എന്നെക്കൊണ്ട് ഇനി വയ്യ !!”

DIL (death is likely) റിസ്ക് എടുത്തു കഴിഞ്ഞതിനു ശേഷം കേൾക്കുന്ന ഒരു സ്ഥിരം ചോദ്യം ഉണ്ട്,

“ഓൾക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ ??”

ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാനാ എന്ന് ഞാൻ മനസ്സിൽ ആലോചിക്കും

സ്വന്തം വയറു കീറി ഒരു surgery ചെയുന്നതിനെക്കുറിച് പറഞ്ഞാൽ ടെൻഷൻ അടിച്ചു മരിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഭാര്യയുടെ/മരുമകളുടെ വയറു വീണ്ടും വീണ്ടും കീറിമുറിക്കുന്നതിനെക്കുറിച്ച് ആ ആശങ്ക കാണാറില്ല !!

“അത് സിസേറിയനല്ലേ” !!

pathram desk 1:
Leave a Comment