കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വെസ്റ്റിന്‍ഡീസിലെ ട്രിനിഡാഡില്‍ ആരംഭിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യം ദിനം താരമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ട്രിനിഡാഡിലെ ടറൂബയില്‍ നടന്ന സിപിഎല്‍ പുതിയ സീസണിലെ രണ്ടാം ത്സരത്തിലാണ് റാഷിദ് ഖാന്റെ പ്രകടനം ശ്രദ്ധ നേടിയത്. മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ റാഷിദ് ഖാന്റെ മികവില്‍ ബാര്‍ബഡോസ് ട്രൈഡെന്റസ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിനെ തോല്‍പ്പിച്ചു. ആറു റണ്‍സിനാണ് ബാര്‍ബഡോസിന്റെ വിജയം.
മത്സരത്തില്‍ വാലറ്റത്ത് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ താരം സെന്റ് കിറ്റ്‌സിന്റെ വിന്‍ഡീസ് ബോളര്‍ ജോസഫ് അല്‍സാരിക്കെതിരെ നേടിയ തകര്‍പ്പന്‍ സിക്‌സര്‍ ശ്രദ്ധേയമായി. മഹേന്ദ്രസിങ് ധോണി ജനപ്രിയമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ടിനു സമാനമാണ് റാഷിദ് ഖാന്റെ ഷോട്ട്. ഹെലികോപ്ടര്‍ ഷോട്ടിന്റെ ‘രണ്ടാം ഭാഗ’മാണ് ഇതെന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരും രംഗത്തെത്തി.
മത്സരത്തിന്റെ 15ാം ഓവറിലാണ് അല്‍സാരി ജോസഫിനെതിരെ റാഷിദ് ഖാന്‍ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പുതിയൊരു ‘വെറൈറ്റി’ പരീക്ഷിച്ചത്. ഓവറിലെ അഞ്ചാം പന്ത് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ജോസഫിന് പിഴച്ചു. ഹെലികോപ്റ്റര്‍ ഷോട്ടിനെ ഓര്‍മിപ്പിക്കുന്ന ചെറിയൊരു ഫ്‌ലിക്കിലൂടെ റാഷിദ് ഖാന്‍ പന്ത് സ്‌ക്വയര്‍ ലെഗ്ഗിനു മുകളിലൂടെ ബൗണ്ടറി കടത്തി.
20 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സുമായി പുറത്താകെ നിന്ന റാഷിദ് ഖാന്റെ കൂടി മികവില്‍ ബാര്‍ബഡോസ് നിശ്ചിത 20 ഓവറില്‍ നേടിയത് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ്. കൈല്‍ മയേഴ്‌സ് (20 പന്തില്‍ 37), ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ (22 പന്തില്‍ 38) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
154 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സെന്റ് കിറ്റ്‌സിന് നിശ്ചിത 20 ഓവറില്‍ നേടാനായത് 147 റണ്‍സ് മാത്രം. അരങ്ങേറ്റ മത്സരം കളിച്ച ജോഷ്വ ഡിസില്‍വ 41 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 41 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നര്‍, നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാന്‍ എന്നിവരുടെ മികവിലാണ് ബാര്‍ബഡോസ് സെന്റ് കിറ്റ്‌സിനെ 147 റണ്‍സില്‍ ഒതുക്കിയത്.
അതേസമയം, സീസണിലെ ആദ്യ മത്സരത്തില്‍ സുനില്‍ നരെയ്‌ന്റെ കരുത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് വിജയം നേടി. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്‌സ് നിശ്ചിത 17 ഓവറില്‍ 144 റണ്‍സ് നേടി. 145 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ട്രിന്‍ബാഗോ, രണ്ടു പന്തു ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സുനില്‍ നരെയ്ന്‍ 28 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 50 റണ്‍സ് നേടി. ബോളിങ്ങില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും നേടിയ നരെയ്‌നാണ് കളിയിലെ കേമന്‍.
Leave a Comment