സുശാന്തിന്റെ സഹോദരി പ്രിയങ്ക ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്ന് റിയ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി റിയ ചക്രവര്‍ത്തി. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങാമെന്നു താന്‍ സുശാന്തിനെ നിര്‍ബന്ധിച്ചതായി റിയ പറയുന്നു.

വീട്ടിലെത്തിയ ശേഷവും പ്രിയങ്കയും സുശാന്തും മദ്യപിച്ചു. രാവിലെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ താന്‍ കിടപ്പുമുറിയിലേക്കു പോയി. ഉറക്കത്തിനിടെ പെട്ടെന്ന് പ്രിയങ്ക തനിക്കൊപ്പം കിടക്കുന്നതായി തിരിച്ചറിഞ്ഞു. അവര്‍ ലൈംഗിക ഉദ്ദേശ്യത്തോടെയാണു പെരുമാറിയത്. ഞെട്ടിപ്പോയി. ഉടന്‍ തന്നെ അവരോട് മുറി വിട്ടു പോകാന്‍ ആവശ്യപ്പെട്ടെന്നും റിയ പറഞ്ഞു. തുടര്‍ന്ന് താന്‍ ആ വീട്ടില്‍നിന്നു പുറത്തുകടന്നുവെന്നും റിയ വ്യക്തമാക്കുന്നു. സുശാന്തിനെ വിവരം അറിയിച്ചു. തുടര്‍ന്നു സുശാന്തും സഹോദരിയും തമ്മില്‍ ഇതേച്ചൊല്ലി കലഹിച്ചുവെന്നും റിയ പറഞ്ഞു.

അതിനിടെ സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും. ഇതുവരെ കണ്ടെത്തിയ എല്ലാ തെളിവുകളും മറ്റു വിവരങ്ങളും സിബിഐക്കു കൈമാറാൻ മുംബൈ പൊലീസിനോട് സുപ്രീകോടതി നിർദേശിച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഹൃഷികേശ് റോയി ആണു വിധി പറഞ്ഞത്. പിതാവിന്റെ ഹർജി ശരിയാണെന്നും ബിഹാറിൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ സംസ്ഥാനത്തിന് സിബിഐയോട് ആവശ്യപ്പെടാമെന്നും കോടതി ഉത്തരവിട്ടു.

പട്‌നയില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്രം സിബിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തി. സംഭവം നടന്നത് മുംബൈയിലായതിനാല്‍ പട്‌നയിലെ കേസ് മുംബൈ പൊലീസിനു കൈമാറണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്.

മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ റിയ ചക്രവര്‍ത്തിയുടെ റോള്‍ മനസിലാകുന്നില്ല. സാക്ഷിയോ പ്രതിയോ പരാതിക്കാരിയോ അല്ല. എന്നിട്ടും കേസ് മുംബൈയിലേക്കു മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സുശാന്തിനെ അദ്ദേഹത്തിന്റെ ജീവനക്കാര്‍ കൊലപ്പെടുത്തിയതാണെന്ന രൂക്ഷമായ ആരോപണവുമായി മുന്‍ മാനേജര്‍ അങ്കിത് ആചാര്യ രംഗത്തെത്തിയിരുന്നു. സംഭവദിവസം ഉച്ചയ്ക്കു രണ്ടു മണി വരെ ആരും സുശാന്തിനെ വിളിക്കാതിരുന്നതും വാതില്‍ തകര്‍ത്ത് അകത്തു കടക്കാന്‍ ശ്രമിക്കാതിരുന്നതും ദുരൂഹമാണെന്ന് അങ്കിത് പറഞ്ഞു. ദിപേഷ് സാവന്ത് എന്നയാള്‍ ഒരു ബാഗുമായി വന്നതെന്തിനാണ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അങ്കിത് പറയുന്നു. കേസിലെ പണമിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം റിയയെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്. സുശാന്തിനൊപ്പം റിയ നടത്തിയ 25 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.

pathram:
Leave a Comment