കൊച്ചി: ഒരു കൗൺസിലർക്കു കോവിഡ് പോസിറ്റീവായതോടെ കൊച്ചി നഗരസഭയിൽ ജാഗ്രത. മേയർ സൗമിനി ജെയിൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിലായി. നഗരസഭ കൗൺസിൽ യോഗം 21നു ചേരാനിരിക്കെയാണു കൗൺസിലർക്കു കോവിഡ് പോസിറ്റീവായത്. പള്ളുരുത്തി മേഖലയിൽ നിന്നുള്ള കൗൺസിലർക്കാണ് രോഗം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോർപറേഷൻ ഹാളിൽ തന്നെ കൗൺസിൽ ചേരാനാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, കൗൺസിലർമാരിൽ ഒരാൾക്കു പോസിറ്റീവായതോടെ ഇനി അതിനു സാധ്യത കുറവാണ്. വിഡിയോ കോൺഫറൻസിങ് വഴി കൗൺസിൽ യോഗം ചേരുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
പോസിറ്റീവായ വ്യക്തി കഴിഞ്ഞ ദിവസങ്ങളിലും കോർപ്പറേഷൻ ഓഫിസിൽ എത്തിയിരുന്നതായാണ് വിവരം. നഗരസഭ അണുവിമുക്തമാക്കും. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കത്തിൽ കൗൺസിലർമാർ ഉൾപ്പെടെ ഒട്ടേറെ പേർ ഉൾപ്പെട്ടിട്ടുണ്ട്.
Leave a Comment