ഇന്ത്യയിൽനിന്നു മുങ്ങിയശേഷം സ്വന്തമായി ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട വിവാദ ആൾദൈവം നിത്യാനന്ദ വീണ്ടും പ്രഖ്യാപനവുമായി രംഗത്ത്.
‘എല്ലാം ഗണപതിയുടെ അനുഗ്രഹം. പണികളെല്ലാം കഴിഞ്ഞു. ഓഗസ്റ്റ് 22ന് റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറൻസിയും നിലവിൽ വരും.’– നിത്യാനന്ദ പറയുന്നു.
‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്നാണ് ബാങ്കിന്റെ പേര്. ഗണേശ ചതുർഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരിൽ നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ സാമ്പത്തിക നയവും പുറം രാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങൾ ഗണേശ ചതുർഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്. കറൻസിയിൽ നിത്യാനന്ദയുടെ ചിത്രം തന്നെയാവും. കറൻസിയുടെ പേരും മറ്റ് കാര്യങ്ങളും 22ന് പ്രഖ്യാപിക്കും.
ഇന്റർപോൾ വരെ തേടുന്ന കുറ്റവാളി നിത്യാനന്ദ സമൂഹമാധ്യമത്തിൽ നിരന്തരം പുതിയ വിഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഒളിവിലിരുന്നു നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുന്ന നിത്യാനന്ദയെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
Leave a Comment