മലപ്പുറം കലക്ടർക്ക് കോവിഡ് വന്നത് കരിപ്പൂരിൽനിന്ന് അല്ലെന്നു സൂചന

മലപ്പുറം : കലക്ടർ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ കോവി‍ഡ് ബാധിതരായത് കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ അല്ലെന്നു സൂചന. കഴിഞ്ഞ 7ന് രാത്രിയാണ് വിമാനാപകടമുണ്ടായത്. ഇതിനു മുൻപ് ഈ മാസം 3 മുതലുള്ള ദിവസങ്ങളിലാണ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്.അഞ്ജു എന്നിവർക്കു കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. അപകട സമയത്തു കലക്ടർ‌ക്കൊപ്പമുണ്ടായിരുന്ന എഡിഎം, 2 ഡപ്യൂട്ടി കലക്ടർമാർ എന്നിവരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ ഗൺമാനാണ് ആദ്യം കോവിഡ് പോസിറ്റീവായത്. തുടർന്നു ക്വാറന്റീനിൽ പോയ എസ്പി 13ന് പോസിറ്റീവ് ആയി. 14 ന് ആണ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ, സബ് കലക്ടർ എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചത്. കലക്ടർക്ക് ഒപ്പം പോസിറ്റീവ് ആയവരിൽ അവരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 21 പേരുണ്ട്. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരും പോസിറ്റീവ് ആയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ .

സിവിൽ സ്റ്റേഷനു പുറത്തു വികേന്ദ്രീകൃത സാഹചര്യത്തിൽ ഭരണം നടക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഇപ്പോൾ. ചികിത്സയ്ക്കിടയിലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ സജ്ജീകരിച്ച പ്രത്യേക ആശുപത്രിയിൽ നിന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ. സബ് കലക്ടർ കെ.എസ്.അഞ്ജു, അസി. കലക്ടർ വിഷ്ണുരാജ് എന്നിവരും കർമനിരതരായി ഒപ്പമുണ്ട്. തങ്ങൾ 3 പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും ആശുപത്രിയിൽ ഇരുന്നു ഭരണനിർവഹണം നടത്തുകയാണെന്നും കലക്ടർ പറഞ്ഞു.

രോഗബാധിതനായ ജില്ലാ പൊലീസ് മേധാവി മഞ്ചേരി മെഡിക്കൽ കോളജിലാണു ചികിത്സയിലുള്ളത്. എഡിഎം എൻ.എം.മെഹറലിയും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീനയും വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ഡപ്യൂട്ടി കലക്ടർ പി.എൻ.പുരുഷോത്തമൻ, ആർടിഒ ടി.ജി.ഗോകുൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.റഷീദ് ബാബു, എൻഎച്ച്എം പ്രോഗ്രാം ഓഫിസർ ഡോ. ഷിബുലാൽ, അസി. ഇൻഫർമേഷൻ ഓഫിസർ ഐ.ആർ.പ്രസാദ് തുടങ്ങിയവരും സ്വയം നിരീക്ഷണത്തിലാണ്. വിഡിയോ കോൺഫറൻസിങ്ങിലൂടെ ഇവരെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment