ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പും ശിവശങ്കര്‍ നിയമനം നടത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ നടപടി നേരിടുന്നതിന് തൊട്ടുമുമ്പും താത്കാലിക നിയമനം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കര്‍ താത്കാലിക നിയമനം നടത്തിയത്. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ താത്കാലിക നിയമനം നടത്തിയത്. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കര്‍ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂണ്‍ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. വര്‍ഷാവര്‍ഷം കരാര്‍ നീട്ടിനല്‍കുകയും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്. എല്‍ ഡി ക്ലര്‍ക്കിനെ പോലും താത്കാലികമായി നിയമിക്കുന്നു എന്ന വസ്തുതയാണ് പുറത്തുവന്നത്. അടുപ്പക്കാരെ ഇത്തരത്തില്‍ തിരുകി കയറ്റുമ്പോള്‍ അര്‍ഹരായ ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളാണ് പുറത്തിരിക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിന്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നുണ പരിശോധന നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറുപടികളില്‍ പൊരുത്തക്കേടുകള്‍ കണ്ടപ്പോഴാണു “ലൈ ഡിറ്റക്‌ടര്‍” ഉപയോഗിച്ചത്‌. തെളിവുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യാമെന്നായിരുന്നു എന്‍.ഐ.എയ്‌ക്കു ലഭിച്ച നിര്‍ദേശം. നുണപരിശോധനാ ഫലം ഡി.ഐ.ജി: കെ.ബി. വന്ദന വിശകലനം ചെയ്‌തു. പൊരുത്തക്കേടുകള്‍ കൂടുതല്‍ പരിശോധിക്കുന്നു.

പ്രതികളായ പി.എസ്‌. സരിത്ത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായര്‍, കെ.ടി. റമീസ്‌, മുഹമ്മദ്‌ ഷാഫി എന്നിവരെയും നുണപരിശോധനയ്‌ക്കു വിധേയരാക്കി. തീവ്രവാദ ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്‌. തീവ്രവാദക്കേസില്‍ എന്‍.ഐ.എ. പ്രതിചേര്‍ത്തവരുമായും നിരീക്ഷണത്തിലുള്ളവരുമായും ബന്ധപ്പെടുത്താവുന്ന ചില വിവരങ്ങള്‍ റമീസില്‍നിന്നു ലഭിച്ചതായാണു വിവരം.

ശരീരത്തില്‍ സെന്‍സറുകളും മറ്റും ഘടിപ്പിച്ച്‌ ചോദ്യംചെയ്യപ്പെടുന്നയാളുടെ രക്‌തസമ്മര്‍ദം, നാഡിമിടിപ്പ്‌, വിവിധ വികാരങ്ങള്‍ തുടങ്ങിയവ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണു നുണപരിശോധനയില്‍ ചെയ്യുന്നത്‌. വിവിധ ചോദ്യങ്ങളോട്‌ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതു സൂക്ഷ്‌മമായി വിലയിരുത്തിയാണ്‌ പറയുന്നതു സത്യമാണോ നുണയാണോ എന്ന നിഗമനത്തിലെത്തുന്നത്‌.

നേരിട്ടുള്ള ചോദ്യംചെയ്ലില്‍ പ്രതികളില്‍നിന്നു സൂചനകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണു നുണപരിശോധനാ യന്ത്രം ഉപയോഗിച്ചത്‌. റമീസില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ ബന്ധം ഉറപ്പിക്കാന്‍ കഴിഞ്ഞത്‌.

pathram:
Leave a Comment