പെട്ടിമുടി ദുരന്തത്തില്‍ കാണാതായ കുഞ്ഞു ധനുഷ്‌കയെ ഒടുവില്‍ വളര്‍ത്തു നായ കുവി കണ്ടെത്തി

മൂന്നാര്‍: മരണം തണുത്ത കൈകള്‍ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവില്‍ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളര്‍ത്തുനായ 8-ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ആ കുഞ്ഞുശരീരം അത്രമേല്‍ മാറിപ്പോയിരുന്നു. എന്നിട്ടും ദുഃഖത്തിന്റെ പാരമ്യത്തില്‍ കുവി നിര്‍ത്താതെ കരഞ്ഞു.

പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ധനുഷ്‌കയുടെ (2) മൃതദേഹം പുഴയില്‍ മരത്തില്‍ തങ്ങിനിന്ന നിലയിലാണ് കണ്ടെത്തിയത്. ദുരന്തഭൂമിയിലൂടെ ഓടി നടന്ന കുവിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു കുഞ്ഞിന്റെ ശരീരം കാണിച്ചു കൊടുത്തത്. വളര്‍ത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു.

പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം കിട്ടിയത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ധനുഷ്‌കയുടെ അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്.

follow us pathramonline

pathram:
Leave a Comment