രാജ്യത്ത് കോവിഡ് വാക്‌സീന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സീന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണ്. വാക്‌സീന്‍ ഉല്‍പാദനത്തിന് നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇന്ത്യന്‍ പരമാധികാരത്തില്‍ കണ്ണുവച്ചവര്‍ക്ക് സൈന്യം മറുപടി നല്‍കി. അയല്‍ക്കാരുമായി സൗഹൃദവും സഹവര്‍ത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരമേഖലയിലെ 173 ജില്ലകളില്‍ ഒരു ലക്ഷം എന്‍സിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉല്‍പാദനരംഗം മാറണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കണം. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കണം.

ആറുലക്ഷം ഗ്രാമങ്ങളില്‍ ആയിരം ദിവസത്തിനകം ഒപ്ടിക്കല്‍ ഫൈബര്‍ യാഥാര്‍ഥ്യമാക്കും. വരുന്ന ആയിരം ദിവസത്തിനുള്ളില്‍ ലക്ഷദ്വീപില്‍ ഒപ്ടിക്കല്‍ ഫൈബര്‍ യാഥാര്‍ഥ്യമാക്കും. 110 പിന്നോക്ക ജില്ലകളെ വികസനപാതയില്‍ എത്തിക്കും. കര്‍ഷകരെ സ്വയംപര്യാപ്തരാക്കാന്‍ നടപടികളെടുക്കും.

എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കും.

രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. എല്ലാവര്‍ക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

pathram:
Leave a Comment