സ്വപ്‌നയുടെ റൂട്ട് മാപ്പില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളും

തിരുവനന്തപുരം : സ്വപ്ന സുരേഷും സംഘവും 2018 മുതല്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും നയതന്ത്ര ബാഗേജ് വഴി പാഴ്‌സലുകള്‍ എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബെംഗളൂരും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു.

ബെംഗളൂരുവില്‍ 2018 മുതല്‍ സ്വപ്ന രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചിരുന്നുവെന്നാണു കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നു റോഡ് മാര്‍ഗം എത്തിച്ച പാഴ്‌സല്‍ തിരുവനന്തപുരത്തും മലപ്പുറത്തും ചില കേന്ദ്രങ്ങളിലേക്കു കൊണ്ടുവന്നു.

കോഴിക്കോട്ടു നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എന്‍ഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങള്‍ തിരിച്ചെടുത്തതില്‍ നിന്നു നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ചില സംഘങ്ങളില്‍ നിന്നു സ്വപ്ന ഡോളര്‍ വാങ്ങിയിരുന്നു. ഇവരെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണു എന്‍ഐഎ

സഹകരണ ബാങ്കില്‍ സ്വപ്നയ്ക്ക് 25 ലക്ഷം

തിരുവനന്തപുരത്ത് പൂവാര്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാന്‍ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിര്‍ദേശം നല്‍കി. പ്രതി പി.എസ്. സരിത്തിന് ഇവിടെ 1.96 ലക്ഷം രൂപ നിക്ഷേപമുണ്ട്. സരിത് ഇതില്‍ നിന്ന് 1 ലക്ഷം വായ്പയുമെടുത്തിട്ടുണ്ട്.

സ്വപ്ന 2019 ഫെബ്രുവരിയിലാണ് ഇവിടെ അക്കൗണ്ടെടുത്തത്. അന്നുമുതല്‍ പലപ്പോഴായി പണം നിക്ഷേപിച്ചു. 2020 ഫെബ്രുവരിയിലാണ് ഒടുവില്‍ 7.5 ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിച്ചത്.

pathram:
Related Post
Leave a Comment