തുടര്‍ച്ചയായ ഇക്കിള്‍ കോവിഡ് ലക്ഷണം?

ലോകമെങ്ങും കോവിഡ്-19 ഭീതിയിലാണ്. വാക്‌സിന്‍ കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ആശങ്കയിലാണ് ജനങ്ങളെല്ലാം തന്നെ. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. അമേരിക്കയിലെ കുക്ക് കൗണ്ടി ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ കോവിഡ് രോഗത്തിന്റെ മറ്റൊരു ലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ഇക്കിള്‍ എന്ന ലക്ഷണമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

62-കാരനായ കോവിഡ് രോഗിയിലാണ് ഈ പുതിയ ലക്ഷണം കണ്ടെത്തിയത്. തുടര്‍ച്ചയായി നാലു ദിവസം ഇക്കിള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കടപ്പില്ല, തൊണ്ട വേദനയോ, നെഞ്ച് വേദനയോ, ശ്വാസംമുട്ടലോ എന്നു വേണ്ട കൊവിഡിന്റെ യാതൊരു ലക്ഷണങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതോടെ തുടര്‍ച്ചയായി ഇക്കിള്‍ ഉണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ എക്‌സ്‌റേ എടുത്തിരുന്നു. അപ്പോഴാണ് രണ്ട് ശ്വാസകോശത്തിലും അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴും ശ്വാസകോശത്തിലെ അണുബാധയും നീര്‍ക്കെട്ടും കണ്ടു.

ഇതോടെ ഡോക്ടര്‍മാര്‍ കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ തുടര്‍ച്ചയായുള്ള ഇക്കിള്‍ കൊറോണ വൈറസിന്റെ ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ വൈറസ് ശ്വാസകോശത്തില്‍ ഏല്‍പ്പിച്ച അണുബാധ മൂലമാണ് തുടര്‍ച്ചയായ ഇക്കിള്‍ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ച്ചയായ ഇക്കിളുമായി വരുന്ന രോഗികളുടെ എക്‌സ്‌റേ നിര്‍ബന്ധമായും എടുക്കണമെന്നാണ് കുക്ക് കൗണ്ടി ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഇക്കിള്‍ കോവിഡിന്റെ രോഗലക്ഷണമായി ലോകാരോഗ്യ സംഘടനയ്ക്ക് ഉള്‍പ്പെടെ ഉറപ്പിക്കാന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment