റഷ്യന്‍ വാക്‌സീന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടര്‍

ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്‍കാന്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ റരജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-5 വാക്‌സീനെ ചുറ്റിപറ്റിയുള്ള ലോകത്തിന്റെ സംശയം തീരുന്നില്ല. ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ റഷ്യന്‍ വാക്‌സീനില്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വാക്‌സീന്റെ സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും ആശങ്ക പ്രകടിപ്പിച്ചു.

വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും പക്ഷേ, അതിനു മുന്‍പ് സ്പുട്‌നിക്-5ന്റെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. ഗുലേറിയ പറയുന്നു. വാക്‌സീന് പാര്‍ശ്വ ഫലങ്ങളൊന്നും ഉണ്ടാകില്ലെന്നും അത് മതിയായ പ്രതിരോധ ശേഷി നല്‍കുമെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും എയിംസ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരും ഇതേ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതും അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്നതും രണ്ട് കാര്യങ്ങളാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി പറയുന്നു.

എന്നാല്‍ ഇത്തരം സംശയങ്ങളൊക്കെ അസ്ഥാനത്താണെന്നും വാക്‌സീന്‍ മനുഷ്യശരീരത്തിന് യാതൊരു ദോഷവും ഉണ്ടാക്കില്ലെന്നും വാക്‌സീന്‍ വികസനത്തിന് നേതൃത്വം നല്‍കിയ റഷ്യയിലെ ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറയുന്നു.

വാക്‌സീനിലെ കൊറോണ വൈറസ് കണികകള്‍ പെരുകില്ലെന്നും അതിനാല്‍തന്നെ ശരീരത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അലക്‌സാണ്ടര്‍ ഉറപ്പ് നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും പിന്നീട് പൊതുജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് റഷ്യയുടെ പദ്ധതി.

pathram desk 1:
Related Post
Leave a Comment