കോവിഡ് ബാധിതരുടെ ബന്ധുക്കളില്‍നിന്ന് ഡോക്ടറെ ‘സംരക്ഷിക്കാന്‍’ ആയുധധാരികളായ അംഗരക്ഷകര്‍

ഭഗല്‍പുര്‍ : കോവിഡ് ബാധിതരുടെ ബന്ധുക്കളില്‍നിന്ന് ഡോക്ടറെ ‘സംരക്ഷിക്കാന്‍’ സുരക്ഷാ ഉദ്യോഗസ്ഥര്‍. ബിഹാറിലെ ഭഗല്‍പുരില്‍ കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ കുമാര്‍ ഗൗരവിനാണ് സുരക്ഷ.

രോഗബാധിതരുടെ ബന്ധുക്കള്‍ മാസ്‌കുകള്‍ പോലും ധരിക്കാതെ രോഗികള്‍ക്കു ഭക്ഷണം നല്‍കാനും മറ്റു കാര്യങ്ങള്‍ക്കുമായി കോവിഡ് വാര്‍ഡുകളിലും ഐസിയുവിലും അതിക്രമിച്ചു കയറുന്നതും ചുറ്റിനടക്കുന്നതും പതിവാണ്. തടഞ്ഞാല്‍ അവര്‍ രോഷാകുലരാകും. വീട്ടിലുണ്ടാക്കിയ ഭക്ഷണം രോഗിക്കു നല്‍കാനും അവര്‍ക്കൊപ്പം ഇരിക്കാനുമാണ് എത്തുന്നതെന്നാണ് അവരുടെ വാദം. പക്ഷേ ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ തടയാന്‍ ശ്രമിച്ചാലും വഴങ്ങാറില്ല. ഒരിക്കല്‍ ഡോ. കുമാര്‍ ഗൗരവ് ഐസിയുവിലായിരുന്ന ഒരു രോഗിയുടെ ഭാര്യയോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ അപ്പോള്‍ മടങ്ങിയെങ്കിലും മറ്റൊരു വാതില്‍ വഴി വീണ്ടും അകത്തു കയറി.

ഏപ്രിലില്‍ ബിഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കോവിഡ് ചികില്‍സാ കേന്ദ്രമാക്കിയ നാല് ആശുപത്രികളിലൊന്നാണ് ഭഗല്‍പുരിലേത്. പക്ഷേ അവിടുത്തെ പല ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിക്കുകയും മറ്റു ചിലര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് സൈക്യാട്രിസ്റ്റായ ഡോ. കുമാര്‍ ഗൗരവിനെ ഭഗല്‍പുരിലേക്കു മാറ്റിയത്. അദ്ദേഹം ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഭഗല്‍പുര്‍ ആശുപത്രിയില്‍ മരുന്നുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ കുറവുണ്ട്. ഐസിയുവിലെ 37 കിടക്കകളിലും രോഗികളുണ്ട്. അത്യാഹിത ചികില്‍സാ സൗകര്യമുള്ള മറ്റൊരാശുപത്രി 200 കിലോമീറ്റര്‍ അകലെയായതിനാല്‍ മറ്റു രോഗികളും ഇവിടെയെത്താറുണ്ട്. ഇവര്‍ക്കും ചികിത്സ നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ഒരു നിയന്ത്രണവുമില്ലാതെ ആശുപത്രിയില്‍ സഞ്ചരിക്കുന്നത് മറ്റു രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടക്കം രോഗവ്യാപനത്തിനു കാരണമാകാം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിലെ കേസുകള്‍ ഉയരുകയാണ്. മുന്‍ ആശുപത്രി സൂപ്രണ്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 87,000 കൊറോണ വൈറസ് കേസുകളും 465 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment