മനുഷ്യാവകാശ ലംഘനം നടത്തുന്നു; പോലീസ് എന്തിനാണ് കോവിഡ് രോഗികളുടെ കോള്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പോലീസ് എന്തിനാണ് കോവിഡ് രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന കോള്‍ ഡീറ്റെയ്ല്‍സ് റെക്കോഡ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുളള സാഹചര്യത്തില്‍ പോലീസ് എന്തിനാണ് സിഡിആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് വ്യക്തമാക്കണം. കേരളത്തെ ഒരു സര്‍വയലന്‍സ് സംസ്ഥാനമാക്കി മാറ്റാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലീസ് രോഗം വന്നവരുടെ സിഡിആര്‍ എടുക്കുക എന്നുളളത് ഞെട്ടിപ്പിക്കുന്നതാണ്. രോഗി ഒരു കുററവാളിയല്ല, രോഗം കുറ്റകൃത്യവുമല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. രോഗം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ റദ്ദുചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ നിരവധി ദിവസങ്ങളായി സിഡിആര്‍ ശേഖരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജനങ്ങളുടെ സിഡിആര്‍ ശേഖരിക്കുന്നതെന്ന് പരസ്യപ്പെടുത്തണം. ആരാണ് നിയമവിരുദ്ധമായ ഈ പ്രവര്‍ത്തനത്തിന് അനുമതി കൊടുത്തതെന്നും വ്യക്തമാക്കണം. ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിന്റെയും ആര്‍ട്ടിക്കിള്‍ 21ന്റെയും പരസ്യമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇല്ലാത്ത അധികാരം പോലീസിന് കൊടുത്ത് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും മൗലികാവകാശ ലംഘനത്തിനും അവസരം കൊടുക്കുന്ന നടപടി അങ്ങേയറ്റം തെറ്റാണ്.

മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ശത്രുക്കളായി കാണുന്ന ഒരു നടപടിയാണ് കോവിഡ് പ്രതിരോധകാര്യത്തില്‍ എന്ന് നേരത്തേ വ്യക്തമായിരുന്നു. ഇപ്പോള്‍ എല്ലാ രോഗികളും സര്‍ക്കാരിന് കുററവാളികളായിരിക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന രീതിയാണ് വേണ്ടത്. പകര്‍ച്ചവ്യാധി നിയമം ലംഘിക്കുകയോ നിസഹകരിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാം. എന്നാല്‍ അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് അവരുടെ സ്വകാര്യത അപഹരിക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment