എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍; മന്ത്രി ജലീലിന് പിന്നാലെ അന്വേഷണം

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി നയതന്ത്ര ബാഗേജില്‍ ഖുറാനുകള്‍ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണവുമായി എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറില്‍ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയെത്തിയ നയതന്ത്ര ബാഗുകളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളാണു ചോദിച്ചത്. നയതന്ത്ര ബാഗില്‍ മതഗ്രന്ഥമെത്തിച്ച സംഭവം കസ്റ്റംസും അന്വേഷിക്കുന്നുണ്ട്.

നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിലെ ചട്ടലംഘനം, മാര്‍ച്ച് നാലിനെത്തിച്ച, 4479 കിലോഗ്രാം തൂക്കമുള്ള നയതന്ത്ര ബാഗേജില്‍ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തുടങ്ങി യു.എ.ഇ. കോണ്‍സുലേറ്റ് വിവാദമധ്യേ നില്‍ക്കുമ്പോഴാണു വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ കൊണ്ടുവന്നതിനെപ്പറ്റി അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍നിന്നു നയതന്ത്രബാഗുകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. കസ്റ്റംസ് ക്ലിയറന്‍സിനു വേണ്ടി സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ വ്യാജ രേഖകള്‍ നല്‍കിയോ എന്നും പരിശോധിക്കുന്നു.

നയതന്ത്ര പരിരക്ഷയോടെ കൊണ്ടുവരുന്ന സാധനങ്ങളുടെ പട്ടിക പരിശോധിച്ച് വില 20 ലക്ഷത്തില്‍ താഴെയെങ്കില്‍ സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസറുടെയും വില അതിനു മുകളിലെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതി നേടണം. ഈ രേഖയും സാധനങ്ങളും പരിശോധിച്ച് വിമാനത്താവളത്തിനു പുറത്തേക്കു കൊണ്ടുപോകാന്‍ കസ്റ്റംസാണ് അനുമതി നല്‍കേണ്ടത്. കോണ്‍സുലേറ്റില്‍നിന്നു മന്ത്രി കെ.ടി. ജലീലിന്റെ ചുമതലയിലുള്ള സി-ആപ്റ്റിലേക്കും അവിടെനിന്നു പുറത്തേക്കും പാഴ്‌സലുകള്‍ കൊണ്ടുപോയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. യു.എ.ഇയില്‍നിന്നു കൊടുത്തയച്ച ഖുറാനുകളാണ് ഇതെന്നു മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു കൂടുതല്‍ അന്വേഷണം. ഖുറാനുകളാണു യു.എ.ഇയില്‍നിന്നു കൊണ്ടുവന്നതെന്ന മന്ത്രി ജലീലിന്റെ വിശദീകരണം ഒട്ടനവധി ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഖുറാന്‍ അച്ചടിച്ച് വിദേശത്തേക്കു കയറ്റിയയയ്ക്കുന്ന കേരളത്തിലേക്ക് ഇറക്കുമതി എന്തിനെന്ന ചോദ്യം ഒരുഭാഗത്ത്. കൊണ്ടുവന്നത് ഖുറാനുകള്‍ മാത്രമാണോ എന്ന ചോദ്യം മറുഭാഗത്ത്. നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന ചട്ടം ലംഘിക്കപ്പെട്ടെന്നും മന്ത്രി കോണ്‍സുലേറ്റുമായി നേരിട്ടിടപെട്ടതു തെറ്റാണെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്ലിനു കസ്റ്റംസ് നോട്ടീസ് നല്‍കി. കസ്റ്റംസ് കുറ്റാന്വേഷണ ഏജന്‍സിയല്ലാത്തതിനാല്‍ ഇതു നല്‍കാനാകില്ലെന്നു ബി.എസ്.എന്‍.എല്‍. നിലപാടെടുത്തത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment