റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ല. പകരം, വാക്സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടർ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. വാക്സീൻ പരീക്ഷണം നടത്താൻ നേരത്തെ താൽപര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്.
റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാക്സീൻ ഇന്ത്യയിൽ ലഭ്യമാക്കണമെങ്കിൽ മനുഷ്യരിൽ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങൾ നിർബന്ധമാണ്. വ്യത്യസ്ത വിഭാഗം ജനങ്ങളിൽ ഇതിന്റെ ഫലപ്രാപ്തിയിൽ മാറ്റമുണ്ടാകാം.
അടിയന്തരപ്രാധാന്യം കണക്കിലെടുത്തു പരീക്ഷണഘട്ടങ്ങൾ ഒഴിവാക്കി വാക്സീൻ നൽകാൻ വകുപ്പുണ്ടെങ്കിലും ഇതിന് ഇന്ത്യ മുതിരാനിടയില്ല. വികസിപ്പിച്ച രാജ്യത്തെ പരീക്ഷണ വിജയം സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇതിനു പരിഗണിക്കേണ്ടത്. ഓക്സ്ഫഡ് വാക്സീന്റെ അടക്കം കാര്യത്തിൽ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയൽ നിർദേശിച്ചിരിക്കെ, റഷ്യൻ വാക്സീന്റെ കാര്യത്തിൽ മാത്രം ഇളവു നൽകാനാവില്ല.
ഓക്സ്ഫഡ് വാക്സീന്റെ ഉൽപാദനത്തിന് ഇന്ത്യൻ കമ്പനിയായ സീറം ഇൻസ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാൽ, റഷ്യൻ വാക്സീന്റെ കാര്യത്തിൽ നിലവിൽ കരാറുകൾ ഇല്ല. വാക്സീൻ ഇന്ത്യയിൽ വൈകാൻ ഇതും ഇടയാക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സീനിൽ, കൊറോണ വൈറസിനെ തന്നെ നിർദോഷകാരിയാക്കി ഉപയോഗപ്പെടുന്നതാണ് രീതിയെങ്കിൽ റഷ്യയുടെ സുപുട്നിക് 5 ഇതിൽ നിന്നു വ്യത്യസ്തമാണ്. ഇതിൽ രോഗാണുവാഹകരായി (വെക്ടർ) ഉപയോഗിക്കുന്നതു ജ്വരമുണ്ടാക്കുന്ന വൈറസുകളിലൊന്നായ അഡിനോയാണ്. ഇവയുടെ ജനിതകഘടന മാറ്റി രോഗം പരത്താനുള്ള ശേഷി ഇല്ലാതാക്കിയശേഷം, കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ജീൻ നിക്ഷേപിക്കുകയാണു ചെയ്യുക. ഇതു കുത്തിവയ്ക്കുന്നതോടെ കൊറോണ വൈറസ് എന്നു തെറ്റിദ്ധരിച്ചു ശരീരം പ്രതിരോധം രൂപപ്പെടുത്തും.
ഓക്സ്ഫഡ്, ചൈനയുടെ കാൻസിനോ ബയോളജിക്സ് എന്നിവയുടെ വാക്സീനുകളും ഇതേ രീതിയിലാണ് തയാറാക്കുന്നത്. 21 ദിവസത്തെ ഇടവേളയിലാണു സ്പുട്നിക് 5 വാക്സീൻ നൽകുന്നത്. ഈ 2 ഡോസുകളുടെയും നിർമാണത്തിൽ ഉപയോഗപ്പെടുത്തുന്നത് 2 വ്യത്യസ്ത ഹ്യൂമൻ അഡിനോ വൈറസുകളാണ് (rAd26, rAD5). കൂടുതൽ ഫലപ്രാപ്തി നൽകാൻ ഇതു സഹായിക്കുമെന്നു റഷ്യ അവകാശപ്പെടുന്നു.
Leave a Comment