സോബി പറഞ്ഞ വഴിയെ സിബിഐ; ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.

കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചതും ഭാര്യ ലക്ഷമിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റതും. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നിലുള്ള ഏറ്റവും വ്യത്യസ്തമായ മൊഴി കലാഭവന്‍ സോബിയുടേതാണ്.

ആസൂത്രിത അപകടം എന്നാണ് സോബി പറയുന്നത്. അതിന് താന്‍ ദൃക്‌സാക്ഷി എന്ന നിലയിലുള്ള സോബിയുടെ മൊഴി ഇങ്ങിനെയാണ്: അപകടം നടന്ന അന്ന് രാത്രി, കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്‌കറിന്റെ കാറാണെന്നും ബാലഭാസ്‌കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബി പറയുന്നത്. ഇതുകൂടാതെ അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും മൊഴിയുണ്ട്.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് സിബിഐയുടെ പരിശോധന. സോബി പറഞ്ഞ സ്ഥലങ്ങളെല്ലാം നേരിട്ടെത്തിക്കാണും. മൊഴി സത്യമാണോയെന്ന് വിലയിരുത്താനാണിത്. സോബിയോട് സ്ഥലത്തെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

pathram:
Related Post
Leave a Comment