കോവിഡ് വാക്സീൻ കൈകളിലെത്താൻ കാത്തിരിക്കുകയാണ് ലോകം. അതിലേക്ക് വെളിച്ചം വീശിയാണ് റഷ്യ ആദ്യമായി കോവിഡ് വാക്സീൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്പുട്‌നിക്–5 വാക്സീന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം.
റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ അവകാശപ്പെടുന്നു. മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തേ ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്സീൻ പരീക്ഷിച്ചിരുന്നു. ജൂൺ 18നാണു മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. 38 വൊളന്റിയർമാർക്കാണ് ടെസ്റ്റ് ഡോസ് നൽകിയത്. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. തുടർന്ന് രണ്ടാം ഡോസ് നൽകി. അതോടെ പ്രതിരോധ ശേഷി ഇരട്ടിച്ചെന്നും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ദിമിത്രിയുടെ അവകാശവാദം.
അഡനോവൈറസ് അടിസ്ഥാനമാക്കിയുള്ള വാക്സീനാണ് ഗമാലിയയിൽ വികസിപ്പിച്ചതെന്ന് നാഷനൽ റിസർച് സെന്റര്‍ തലവൻ അലക്സാണ്ടർ ഗിന്റ്സ്ബർഗ് പറയുന്നു. ഈ വൈറസിനൊപ്പം കോവിഡ്19നു കാരണമായ സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമുണ്ടാകും. വൈറസിന്റെ പുറത്തു കാണുന്ന മുന പോലുള്ള ഭാഗമാണ് സ്പൈക്ക് പ്രോട്ടിൻ. ഇതാണ് മനുഷ്യശരീര കോശങ്ങളുമായി ബന്ധം സ്ഥാപിക്കാൻ വൈറസിനെ സഹായിക്കുന്നത്.
ശക്തി കുറച്ച, വിഭജിക്കാനാകാത്ത ഇത്തരം വൈറസുകളെ ശരീരത്തിലേക്കു കടത്തിവിട്ട് ആന്റിബോഡി ഉൽപാദനത്തിനു പ്രേരിപ്പിക്കുന്നതാണ് ഈ വാക്സീന്റെ രീതി. വൈറൽ വെക്ടർ വാക്സീൻ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വൈറസിനെ (ഇവിടെ അഡനോവൈറസ്) അടിസ്ഥാനപ്പെടുത്തി നിർമിച്ച വാക്സീനിലൂടെ സാർസ് കോവ് 2 വൈറസിന്റെ ഡിഎൻഎയെ മനുഷ്യശരീരത്തിലെത്തിച്ച് പ്രതിരോധ ശേഷി സൃഷ്ടിക്കുമെന്നു ചുരുക്കം. എന്നാൽ, വാക്സീൻ ഗവേഷണത്തെക്കുറിച്ചുള്ള യാതൊരു വിധ പഠനഫലങ്ങളും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നത് ദുരൂഹമാണ്.
ലോകാരോഗ്യ സംഘടന ഇപ്പോഴും റഷ്യയുടെ പദ്ധതികളെ അംഗീകരിച്ചിട്ടില്ല. ഡബ്ല്യുഎച്ച് ഒരു അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി വേണം വാക്സീൻ നിർമിക്കേണ്ടതെന്നാണ് അവരുടെ വാദം. സംഘടന നിർദേശിക്കുന്ന ഘട്ടങ്ങളിലൂടെയുള്ള പരീക്ഷണം പൂർത്തിയാക്കണം. അതിനു നിശ്ചിത കാലാവധിയും ഡബ്ല്യുഎച്ച്ഒ നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് റഷ്യ പരീക്ഷണം നടത്തിയതും ഇപ്പോൾ വാക്സീൻ വിജയകരമാണെന്നു പറയുന്നതെന്നുമാണ് ഡബ്ല്യുഎച്ച്ഒ വാദം.
Leave a Comment