വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരണം; ഡിജിസിഎ മേധാവിയെ മാറ്റണമെന്ന് എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍

കരിപ്പൂര്‍: ഡിജിസിഎ മേധാവി അരുണ്‍ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍ രംഗത്ത്. കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുണ്‍ കുമാര്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് യൂണിയനുകള്‍ ചേര്‍ന്ന് കത്ത് നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 18പേര്‍ മരിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങള്‍ പുരോഗമിക്കവെ നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ ചുമതലയില്‍നിന്ന് നീക്കണം എന്ന ആവശ്യം ഉയരാന്‍ കാരണമായത്

വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാന്‍ഡിങ് മോശമായിരുന്നു എന്നതുള്‍പ്പെടെ അപക്വമായ പ്രതികരണങ്ങള്‍ അരുണ്‍ കുമാര്‍ നടത്തി. അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്പോള്‍ അപകടത്തിന്റെ കാരണം ലാന്‍ഡിങ്ങിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.

അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തില്‍ ആരോപിക്കുന്നു. അതിനാല്‍ എത്രയും പെട്ടന്ന് അരുണ്‍ കുമാറിനെ ഡിജിസിഎയുടെ ചുമതലയില്‍നിന്നും നീക്കണമെന്ന് യൂണിയനുകള്‍ കത്തില്‍ ആവശ്യപ്പെട്ടു. പകരം വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിപരിചയവും വ്യക്തമായ അറിവും ഉള്ള ആളെ തല്‍സ്ഥാനത്തു നിയമിക്കണമെന്നുമാണ് പൈലറ്റുമാരുടെ യൂണിയന്‍ ഉന്നയിച്ചിരിക്കുന്നത്.

follow us pathram online

pathram:
Related Post
Leave a Comment