മാധ്യമപ്രവര്‍ത്തര്‍ക്കു നേരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ പ്രമുഖര്‍ പ്രതികരിക്കുന്നു

വനിതാ മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. നിരവധി പ്രമുഖർ വ്യക്തി അധിക്ഷേപത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ കുടുംബജീവിതത്തെ വരെ അധിക്ഷേപിക്കുന്നതിനെ സംസ്കാരമില്ലായ്മ എന്നാണ് പലരും വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള സൈബര്‍ പോരാളികള്‍ കേരളത്തിന്റെ സംസ്കാരത്തിന് കളങ്കം തീര്‍ക്കുന്നവരാണെന്ന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്തത് കൊണ്ടാണ് വ്യക്തി അധിക്ഷേപത്തിലേക്ക് കടക്കുന്നതെന്നും പ്രമുഖർ പറയുന്നു. ചില പ്രതികരണങ്ങളിലേക്ക്…

മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തെ പരിഹസിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ പുച്ഛമാണ് തോന്നിയത് എന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. നമ്മുടെ അഭിപ്രായത്തോടും നിലപാടുകളോടും യോജിക്കാൻ പറ്റാത്തവരുടെ സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇടുകയോ ചെയ്യുന്നത് ഒരു തരം സംസ്കാരമില്ലായ്മയാണ്.

അതിൽ മറ്റൊരു വ്യക്തിക്ക് എന്ത് കാര്യം? സമൂഹത്തിനോ ഒരു വ്യക്തിക്കോ അഭിപ്രായം പറയാൻ യാതൊരു അധികാരവുമില്ല. അവരുടെ തൊഴിൽപരമായ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ അതിനു അതേ രീതിയിൽ ഉത്തരം പറയുകയല്ലേ വേണ്ടത്? അങ്ങനെ പറയാൻ സാധിക്കാത്തതുകൊണ്ടല്ലേ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്? ആശയത്തെ ആശയം കൊണ്ടല്ലേ നേരിടേണ്ടത് എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

മാധ്യമ പ്രവര്‍ത്തക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയുമുള്ള സൈബര്‍ ബുള്ളിങ്ങും അംഗീകരിക്കനാവില്ലെന്ന് നടി മാലാ പാര്‍വതി പ്രതികരിച്ചു. ഇത്തരമൊരു സംസ്‌കാരം എങ്ങനെ കടന്നുവരുന്നു എന്നറിയില്ല. നമുക്ക് തര്‍ക്കങ്ങളാകാം. വസ്തുതകളുടെ പുറത്താകണം അത്. അശ്ലീലം പറഞ്ഞ് തോല്‍പ്പിക്കാന്‍ ശ്രമിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് അശ്ലീലം അല്ലാതെ മറ്റെന്താണ്? വായടപ്പിക്കാന്‍ ഇതൊരു മാര്‍ഗമായി കണ്ടിരിക്കുകയാണ് ചിലര്‍. എതിര്‍ക്കാം എന്തിനെയും. പക്ഷേ, ആരോഗ്യകരമാകുന്നതാണ് ഇരുപക്ഷത്തിനും അഭികാമ്യം. കുടുംബത്തെയൊക്കെ തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് ഒട്ടും അംഗീകരിക്കാനുമാവില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.

വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണം സംസ്ഥാനത്തിനുതന്നെ അപമാനമാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തെപ്പോലും അധിക്ഷേപിച്ച് സൈബര്‍ സഖാക്കള്‍ നിരന്തരം എഴുതിവിടുകയാണ്. അധികാരത്തിന്റെ മത്തുപിടിച്ച മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് പലതും നടക്കുന്നത്. പരാതി നല്‍കിയാല്‍ യാതൊരു ഫലവുമുണ്ടാക്കുന്നത് എന്നത് ഇതിന്റെ തെളിവാണ്. പാര്‍ട്ടിക്കുവന്ന അപചയമാണിത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ വിമര്‍ശനം നേരിടുമ്പോള്‍ സൈബര്‍ സഖാക്കള്‍ ഒളിയിടങ്ങളില്‍നിന്നാണ് ആക്രമണം പതിവാക്കുകയാണ്. നവോത്ഥാന നായകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ രാഷ്ട്രീയ പാപ്പരത്തംകൂടിയാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശമുണ്ട്. വനിതാശാക്തീകരണം പറയുന്ന പാര്‍ട്ടിയുടെ അണികളുടേത് ഹീനമായ ശ്രമമാണ്. നിര്‍ഭയമായി അഭിമാനബോധത്തോടെ മുന്നോട്ടുപോകും, സ്ത്രീയാണെന്ന് കരുതി ഒതുക്കാന്‍ സൈബര്‍ സഖാക്കള്‍ ശ്രമിക്കേണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം ജനാധിപത്യസംവിധാനത്തിന്റെ അവിഭാജ്യഘടമാണ്. കേരളത്തിലെ വനിതപ്രവര്‍ത്തകര്‍ ഏറെ തീക്ഷ്ണവും കാര്യക്ഷമവുമായ ഇടപെടല്‍കൊണ്ട് ശ്രദ്ധേയരുമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ പ്രതിനിധികളായി ചാനല്‍ ചര്‍ച്ചകളില്‍വരുന്ന ആളുകള്‍മുന്നില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ ചൂണ്ടിക്കാണിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ പറ്റാതെ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാഴ്ച നിത്യസംഭവമായിരിക്കുന്നു എന്ന് മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഒ.എം. ശാലീന പറഞ്ഞു. ഇതുകൂടാതെ സാമൂഹ്യമാധ്യമങ്ങളില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യാന്‍ സൈബര്‍ പോരാളികള്‍ മല്‍സരിക്കുകയാണ്.

ഈ പ്രവണത അപലപനീയമാണ്. മാധ്യമപ്രവര്‍ത്തനത്തെ മാന്യമായി കാണാനും പരിഗണിക്കാനും കേരളം ഭരിക്കുന്ന പ്രസ്ഥാനത്തിന് കഴിയാതെ പോകുന്ന അവസ്ഥയാണ്. ഇത് സംജാതമാക്കിയത് മുഖ്യമന്ത്രി തന്നെയാണ്. കാരണം അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നടക്കുന്ന കുത്തഴിഞ്ഞ ഭരണസംവിധാനം നിയന്ത്രിക്കാതെ വന്നപ്പോഴാണ് ചോദ്യങ്ങളുണ്ടായതും അത് നേരിടാന്‍ സൈബര്‍ സഖാക്കള്‍ രംഗത്തുവന്നതും. മുഖ്യമന്ത്രിയുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനുള്ള മാര്‍ഗമല്ല മാധ്യമപ്രവര്‍തകരെ ആക്രമിക്കുക എന്നത്. ഇതില്‍നിന്നും സിപിഎം നേതാക്കളും പോരാളികളും പിന്‍മാറണമെന്നും ശാലീന പറഞ്ഞു.

pathram:
Related Post
Leave a Comment