കരിപ്പൂര്‍ വിമാന അപകടം യാത്രക്കാര്‍ക്ക് 1.19 കോടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണിത്.

ഈ അവകാശപത്രം അനുസരിച്ച് രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് 1,13,100 സ്പെഷല്‍ ഡ്രോയിങ് റൈറ്റ്സോ (എസ്ഡിആര്‍) 1.19 കോടി രൂപയോ ആണ് നഷ്ടപരിഹാരം. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 1 എസ്ഡിആര്‍ 1.41 ഡോളറിനു (ഏകദേശം 105.27 രൂപ) തുല്യമാണ്.

ആഗോളതലത്തില്‍ വിമാനയാത്രികര്‍ക്കു നഷ്ടപരിഹാരം നല്‍കാനായുള്ള 2009ലെ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഇന്ത്യ ഏര്‍പ്പെട്ടതു മുതല്‍ 2016ലെ ‘ദ ക്യാരേജ് ബൈ എയര്‍ നിയമപ്രകാരമാണ് വിമാനകമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി നിശ്ചയിക്കുന്നത്. ഈ നിയമം പരിഷ്‌കരിച്ചതു മുതല്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര പരിധി 1,00,000 എസ്ഡിആറില്‍നിന്ന് 1,13,100 ആയി ഉയര്‍ത്തിയിരുന്നു.

അതേസമയം ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 20 ലക്ഷം രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചാല്‍ ഇരുവിഭാഗത്തിലെ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്കു ബാധ്യതയില്ല.

രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. വിദേശത്തെ കമ്പനികളില്‍ റീ ഇന്‍ഷുറന്‍സ് ചെയ്തിട്ടുമുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണ റിപ്പോര്‍ട്ടും ഇന്‍ഷുറന്‍സ് കമ്പനികളുടെ റിപ്പോര്‍ട്ടും ലഭിച്ചതിനു ശേഷമേ നഷ്ടപരിഹാരം നല്‍കുകയുള്ളു. മംഗളൂരു വിമാന ദുരന്തത്തില്‍ പെട്ട പലര്‍ക്കും ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ല. പലര്‍ക്കും കോടതിയെ സമീപിക്കേണ്ടിയും വന്നിട്ടുണ്ട്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ സ്വാഭാവികമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുള്ള യാത്രക്കാര്‍ക്ക്, കാര്‍ഡ് എടുക്കുമ്പോള്‍ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹതയുണ്ടായിരിക്കും. ട്രാവല്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആ തുകയും ലഭിക്കും.

കരിപ്പൂര്‍ വിമാന അപകടത്തില്‍ പെട്ടവര്‍ക്കുള്ള പൂര്‍ണ നഷ്ടപരിഹാരത്തെക്കുറിച്ച് എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തില്‍ മരിച്ച 12 വയസിനു മുകളിലുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും 12 വയസിനു താഴെയുള്ളവര്‍ക്ക് 5 ലക്ഷവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷവുമാണ് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ചെറിയ തോതില്‍ പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 191 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരിച്ചു

pathram:
Leave a Comment