മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അന്വേഷിക്കാന്‍ ഹൈടെക്ക് സെല്ലും സൈബര്‍ ഡോമും

കൊച്ചി: നിഷാ പുരുഷോത്തമന്‍ ഉള്‍പ്പടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ ഉത്തരവ്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോലീസിന്റെ ഹൈടെക്ക് സെല്ലും സൈബര്‍ ഡോമുമാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബംന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മനോരമ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകയായ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക പ്രജുല എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്. സിപിഐഎം അനുഭാവികളായ സൈബര്‍ ആക്ടിവിസ്റ്റുകളാണ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തി ജീവിതത്തെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു അധിക്ഷേപം.

അന്വേഷണ തീരുമാനത്തെ സ്വാഗതം തെയ്യുന്നുവെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെപി റെജി പറഞ്ഞു. എന്നാല്‍, നേരത്തേയും ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് നല്‍കിയ പരാതികളില്‍ ഒന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ വലി പ്രതീക്ഷവെച്ചുപുലര്‍ത്തുന്നില്ലെന്നും റെജി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കര്‍ശന നടപടി സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം അതിക്രമങ്ങള്‍ക്ക് അറുതി വരുകയുള്ളൂ എന്നും ഇത് നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിലൂടെ തുടര്‍ച്ചയായി ശാസിക്കുന്നതിന് പിന്നാലെ സിപിഎം സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വ്യക്തിഅധിക്ഷേപങ്ങള്‍ ചര്‍ച്ചയായായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണകടത്തിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ക്ഷുഭിതനായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അധിക്ഷേപം ശക്തമായത്.

എന്നാല്‍ സൈബര്‍ അക്രമികളെ തള്ളുന്ന നിലപാടാണ് പാര്‍ട്ടി മുഖപത്രത്തിന്റെ എഡിറ്റര്‍ പി രാജീവ് സ്വീകരിച്ചിരുന്നത്. രാഷ്ട്രീയമായ വിമര്‍ശനങ്ങളാകാം, പക്ഷെ വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോര്‍ഫിങ്ങുകളും നിര്‍മ്മിത കഥകളും വഴി പാര്‍ട്ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികള്‍ നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപ്പറയുന്നു എന്ന് രാജീവ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി മാധ്യമങ്ങളോട് സ്വീകരിച്ച അസഹിഷ്ണുത അദ്ദേഹത്തിന്റെ അണികളും പിന്‍തുടരുകയാണെന്ന ഗുരുതര ആരോപണം നേരത്തെ നിഷാ പുരുഷോത്തമനും ഉന്നയിച്ചിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും നിഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സൈബര്‍ ഗുണ്ടകള്‍ക്കെതിരെ പരാതി നല്‍കിയത്.

pathram desk 1:
Related Post
Leave a Comment