വിദ്യാഭ്യാസ മന്ത്രി പ്ലസ് വണ്‍ പഠനത്തിന് ഒരുങ്ങുന്നു

റാഞ്ചി: പഠിക്കാന്‍ തീരുമാനിച്ചാല്‍ പ്രായം അതിനൊരു തടസമേയല്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പഠനം പുനരാരംഭിച്ചാലോ? ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ ജഗര്‍നാഥ് മഹ്‌തോ ആര്‍ട്‌സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

നിരന്തരമായ വിമര്‍ശനങ്ങളാണ് വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വിഭ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ആളുകള്‍ എന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു രാഷ്ട്രീയക്കാരനാണെന്നും അതിനാല്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബാക്കി വിഷയങ്ങള്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1995-ലാണ് അദ്ദേഹം പത്താം ക്ലാസ് പരീക്ഷ പാസായത്.

pathram:
Leave a Comment