മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ ഹൈടെക് സെല്ലിനും സൈബര്‍ ഡോമിനും അന്വേഷണ ചുമതല നല്‍കി. സൈബര്‍ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ബി.ജെ.പി ആരോപിച്ചു.

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിച്ചുള്ള സൈബര്‍ അതിക്രമം രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ.ജി. കമലേഷ്, അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ പ്രജുല എന്നിവര്‍ക്കെതിരെ വ്യക്തിപരമായി ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ ഇന്നലെ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയേക്കുറിച്ച് അറിയില്ലെന്നും സൈബര്‍‍ ആക്രമണമാണോ സംവാദമാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരുെട പേര് വിവരങ്ങളടക്കമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് ചുമതല. അതിക്രമത്തിന് തുടക്കമിട്ടവരെ കണ്ടെത്താനാണ് നിര്‍ദേശം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്ന ആക്ഷേപവുമായി ബി.ജെ.പി രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് പ്രകോപനകാരണമെന്നും ബി.ജെ.പി നേതാവ് എം.ടി. രമേശും ആരോപിച്ചു.

pathram:
Leave a Comment