വന്യമൃഗങ്ങള്‍ അല്ല രോഗാണു വാഹകര്‍; മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്ന മൃഗങ്ങളെന്ന് പഠനം

വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് രോഗാണു വാഹകരായ വന്യമൃഗങ്ങള്‍. മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അപകടകാരികളാകാവുന്ന നിരവധി രോഗാണുക്കള്‍ വന്യമൃഗങ്ങളിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ രോഗാണു വാഹകരായ മൃഗങ്ങള്‍ കൂടുതലുള്ളത് കാടുകളേക്കാള്‍ മനുഷ്യര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തുടരുന്ന ജീവികള്‍ക്കാണെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി.

കാടും മറ്റും കയ്യേറി മനുഷ്യന്‍ വാസം ഉറപ്പിക്കുന്നതോടെ പല ജീവികളും ആ പ്രദേശത്ത് നിന്ന് ഇല്ലാതാകാറുണ്ട്. എന്നാല്‍ മനുഷ്യവാസവുമായി പൊരുത്തപ്പെട്ട് ഈ പ്രദേശത്ത് തുടരുന്ന ജീവികളിലാണ് രോഗങ്ങള്‍ പരത്തുന്ന വൈറസ് പോലുള്ള സൂക്ഷ്മജീവികള്‍ ധാരാളമായി ജീവിക്കുന്നതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

വവ്വാല്‍, ചിലയിനം പക്ഷികള്‍, എലി, മുയല്‍, അണ്ണാന്‍ തുടങ്ങി കരണ്ടു തിന്നുന്ന ജീവിവര്‍ഗങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി പഠന റിപ്പോര്‍ട്ട് പറയുന്നു. ഇവയെല്ലാം മനുഷ്യര്‍ തെളിച്ചെടുത്ത് വാസമുറപ്പിച്ച കൃഷി ഭൂമികളുമായി ബന്ധപ്പെട്ടായിരിക്കും മിക്കവാറും ജീവിക്കുന്നത്. മാറുന്ന ഭൂപ്രകൃതിയും ഭൂമിയുടെ ഉപയോഗത്തിലെ വര്‍ധിച്ചു വരുന്ന മാറ്റങ്ങളും ജന്തുജന്യ രോഗപകര്‍ച്ചയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യരില്‍ രോഗം പകര്‍ത്താന്‍ സാധിക്കുന്ന പകര്‍ച്ചരോഗാണു വാഹകരായ 376 ജീവിവര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 6801 പാരിസ്ഥിതിക സമൂഹങ്ങളില്‍ നടത്തിയ 184 പഠനങ്ങളാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ വിലയിരുത്തിയത്. ആറു ഭൂഖണ്ഡങ്ങളിലായാണ് ഈ ജീവി വര്‍ഗങ്ങള്‍ പടര്‍ന്നു കിടക്കുന്നത്.

കോവിഡ് പോലുള്ള രോഗങ്ങള്‍ വവ്വാലുകളിലാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രലോകം അനുമാനിക്കവേയാണ് പുതിയ പഠനങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

pathram:
Leave a Comment