കൊച്ചി: ടേബിൾ ടോപ് വിമാനത്താവളങ്ങളായ മംഗലാപുരത്തും കരിപ്പൂരിലും റൺവേയുടെ രണ്ട് അറ്റങ്ങളിലും ഇമാസ്(എൻജിനീയേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ഒരുക്കുകയാണ് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതി അംഗം ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ റൺവേ കടന്നു പോയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഒരുപരിധിവരെ ഇത് സഹായകമാണ്. അതേസമയം ഇത് ഉയർന്ന പണച്ചെലവുള്ള പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയം ഉപദേശക സമിതി അധ്യക്ഷൻ ഡോ. നാസിം സയിദിക്കൊപ്പം കരിപ്പൂർ സന്ദർശിച്ച ശേഷം അധ്യക്ഷന് ഇതു സംബന്ധിച്ച കത്ത് നൽകിയിരുന്നു. റൺവേയിലെ പ്രകാശസംവിധാനങ്ങൾ, റൺവേ എൻഡ് സേഫ്ടി ഏരിയ(റിസ) എന്നിവയുടെ കാര്യത്തിലുള്ള ആശങ്കകളും നിർദേശങ്ങളും നൽകിയിരുന്നു. ഇവിടെ റൺവേയ്ക്ക് വേണ്ട ഏറ്റവും കുറഞ്ഞ അളവ് റീസ ഒരു ഭാഗത്തില്ല. റൺവേ 10 ൽ റബർ അടിഞ്ഞു കൂടിയിട്ടുണ്ട്. എതിർവശത്ത് റൺവേ 28 ൽ ഇറങ്ങുന്ന വിമാനങ്ങളിൽ നിന്നുള്ളതാണിത്.
റൺവേയിൽനിന്ന് റബർ കൃത്യസമയത്ത് നീക്കുന്നതിന് സംവിധാനം ഇവിടെയില്ല. റൺവേയുടെ ഫ്രിക്ഷൻ പരിശോധിക്കുന്നതിനുള്ള ഉപകരണം ചെന്നൈയിൽ നിന്നെത്തിക്കേണ്ടതിനാൽ അതും നടക്കുന്നില്ല. റൺവേയിൽ റബർ അടിഞ്ഞിട്ടുള്ളതിനാൽ വിമാനങ്ങളുടെ ബ്രേക്ക് കൃത്യമായി പ്രവർത്തിക്കാത്ത സാഹചര്യമുണ്ടാകാം. ഇക്കാര്യം ഡിജിസിഎയ്ക്കും ബോധ്യമുള്ളതാണ്.
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് വലിപ്പം കൂട്ടുന്നതിനുള്ള പരിമിതികൾ എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ മുന്നറിയിപ്പുകളെ അവഗണിച്ച് മഴക്കാലത്തും ഇവിടെ വിമാനങ്ങൾ ഇറക്കുന്നു. ഇതുവരെയും ഇവിടെ വലിയ ദുരന്തമുണ്ടാകാതിരുന്നത് ദൈവാധീനം കൊണ്ടു മാത്രമാണ്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം കരിപ്പൂരിനില്ല.
വിമാനത്താവളത്തിലെ പോരായ്മകളും വരുത്തേണ്ട മാറ്റങ്ങളും അറിയിച്ച് ചിത്രങ്ങൾ സഹിതം വിശദമായ റിപ്പോർട്ടാണ് നൽകിയതാണ്. വി.ആർ. കൃഷ്ണയ്യർക്കും ഇതു കാണിച്ച് കത്തു നൽകിയിരുന്നു. അദ്ദേഹം അന്നത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൈമാറി. പ്രധാനമന്ത്രി അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന വയലാർ രവിക്കു കൈമാറുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരും ഇക്കാര്യം ഗൗരവമായെടുത്തില്ല. ഇപ്പോഴുണ്ടായ അപകടം വേണ്ടപ്പെട്ടവരുടെ കണ്ണു തുറപ്പിക്കുമെന്നു കരുതാം. അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.
Leave a Comment