സ്വര്‍ണവില കുറയുന്നു

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ കുതിപ്പിനു ശേഷം സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വര്‍ധന.

ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളര്‍ വരെ പോയതിനുശേഷമാണ് വിലിയില്‍ ഇടിവുണ്ടായത്.

അതേസമയം കോവിഡ് മൂലം രാജ്യം അടച്ചിടലില്‍നിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്‍വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വര്‍ധന ഇരട്ടിയോളമാണ്.

2020ല്‍ ഇതാദ്യമായി കയറ്റുമതിയിലും ജൂലായില്‍ വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വന്‍വര്‍ധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വര്‍ണവില്പനയില്‍ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക തളര്‍ച്ചയും പലര്‍ക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയില്‍ കുറവുണ്ടാക്കും.

ഡിമാന്റില്‍ പെട്ടെന്നൊരുവര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒക്ടോബറോടെ ഉത്സവസീസണാകുമ്പോള്‍ സ്വര്‍ണംവാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് കരുതുന്നത്.

pathram:
Related Post
Leave a Comment