ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ വ്യാജ ഐ.ഡി. കാര്‍ഡുമായി അറസ്റ്റിലായ സംഭവത്തില്‍ കേസന്വേഷണം അട്ടിമറിച്ചത് സ്വപ്‌ന സുരേഷാണെന്ന് സൂചന. മലപ്പുറം സ്വദേശി നജീം കൊച്ചിയില്‍ പിടിയിലായ കേസ് കൂടുതല്‍ അന്വേഷിക്കാതെ അവസാനിപ്പിച്ചതിനു പിന്നിലും സ്വപ്ന സുരേഷിന്റെ ഇടപെടല്‍ ഉണ്ടെന്ന് സൂചനയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്വപ്നയും കെ.ടി. റമീസും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന സംശയം എന്‍.ഐ.എ. പരിശോധിക്കും.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളെ ചോദ്യംചെയ്തപ്പോഴാണു നജീമിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നാണ് വിവരം. സംഭവത്തെപ്പറ്റി എന്‍.ഐ.എ. പോലീസില്‍നിന്നു വിവരം ശേഖരിക്കും.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍നിന്നാണു നജീം പിടിയിലായത്. എറണാകുളം സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. ഒരാഴ്ച താമസിച്ച ഇയാള്‍ ഒരു ദിവസത്തെ വാടക നല്‍കാതെ മുറിയൊഴിയാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് മുറി പരിശോധിച്ചപ്പോള്‍ കഞ്ചാവും തോക്കും എന്‍.ഐ.എയുടെ വ്യാജ ഐഡി കാര്‍ഡും കത്തികളുമാണു ലഭിച്ചത്.
കാര്‍ഡില്‍ എന്‍.ഐ.എ. ഇന്‍സ്പെക്ടര്‍ എന്നാണു രേഖപ്പെടുത്തിയിരുന്നത്. കഞ്ചാവ് കടത്തിയതിന്റെ പേരില്‍ കേസെടുത്തെങ്കിലും തോക്കും എന്‍.ഐ.എയുടെ വ്യാജ ഐ.ഡി. കാര്‍ഡും കൈവശംവച്ചത് ഒഴിവാക്കി. മറ്റു വകുപ്പുകള്‍ ചുമത്താതിരിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായെന്നാണു സൂചന. നജീമിന്റെ കൈവശമുണ്ടായിരുന്നത് അപായമുണ്ടാക്കുന്ന തോക്കല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാതിരുന്നത്.
കഞ്ചാവ് കൈവശംവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്തെങ്കിലും നാലാം ദിവസം ജാമ്യംകിട്ടി ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നു പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വ്യാജ ഐഡി കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തിലും അന്വേഷണമുണ്ടായില്ല. അതേ സമയം, വ്യാജ കാര്‍ഡ് പിടിച്ച കാര്യം പോലീസ് എന്‍.ഐ.എയെ അറിയിച്ചിരുന്നു.
ഗള്‍ഫില്‍നിന്നു വരുമ്പോഴൊക്കെ നജിം ആഡംബര ഹോട്ടലിലാണു താമസിക്കാറ്. കൊച്ചിയിലെ ഹോട്ടലില്‍ പ്രതിദിനം 16,500 രൂപ വാടകയുള്ള മുറിയാണ് എടുത്തിരുന്നത്. വിലയേറിയ കാറിലാണിയാള്‍ ഹോട്ടലിലെത്തിയത്. ഗള്‍ഫില്‍നിന്നും വലിയ തുക വരാനുണ്ടെന്നായിരുന്നു പോലീസിനോടു പറഞ്ഞത്. സുഹൃത്തിന്റെ വിദേശത്തുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തിലാണ് കാര്‍ഡ് തയാറാക്കിയതെന്നാണ് മൊഴി. ആഫ്രിക്കയില്‍ ഉള്‍പ്പെടെ അഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി പാസ്പോര്‍ട്ടിലുണ്ട്. നജീമിനെപ്പറ്റി കൂടുതല്‍ അറിയില്ലെന്നാണു വീട്ടുകാര്‍ പറയുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ കെ.ടി. റമീസിന് കഞ്ചാവ് കടത്തുകാരുമായും ആയുധ ഇടപാടുകാരുമായും ബന്ധമുണ്ടെന്നു നേരത്തെ വിവരം ലഭിച്ചിരുന്നു. റമീസില്‍നിന്നു കഴിഞ്ഞ നവംബറില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ചു 13 തോക്കുകള്‍ പിടിച്ചെടുത്തിരുന്നു. റമീസ് 2010 മുതല്‍ സ്വര്‍ണം കടത്തുകയും കേരളത്തില്‍ ഹവാലാക്കണ്ണികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ആളാണെന്നും എന്‍.ഐ.എ. വിലയിരുത്തുന്നു. തുടര്‍ന്നാണു റമീസിന്റെ പഴയ തോക്കു കടത്തിനൊപ്പം കൊച്ചിയിലെ വ്യാജ ഐ.ഡി. കാര്‍ഡ് കേസും അന്വേഷിക്കാന്‍ എന്‍.ഐ.എ. തീരുമാനിച്ചത്.
Leave a Comment