ആദ്യ ലാന്റിംഗ് റണ്‍വേ 28ല്‍; പിന്നീട് 10ലേയ്ക്ക് മാറി… ഇത് അപകടകാരണമായോ?

മലപ്പുറം: റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. റണ്‍വേയുടെ കിഴക്കു ഭാഗമാണു (റണ്‍വേ 28) കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റണ്‍വേ. പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിക്കുന്നതും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നതും ഈ റണ്‍വേയാണ്. എന്നാല്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇറങ്ങിയത് റണ്‍വേ പത്തിലാണ്

എടിസിയുടെ നിര്‍ദേശമനുസരിച്ച് ആദ്യ ലാന്‍ഡിങ്ങിനു ശ്രമിച്ചത് പ്രൈമറി റണ്‍വേയിലായിരുന്നു. എന്നാല്‍ ദൂരക്കാഴ്ചയുടെ പ്രശ്‌നങ്ങളെത്തുടര്‍ന്നു ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നു. രണ്ടാം ശ്രമത്തില്‍ റണ്‍വേ 10ല്‍ ഇറങ്ങാന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ബോയിങ് 747800 വിമാനത്തിന് മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കാറ്റിനെ (ടെയില്‍ വിന്‍ഡ്) അതിജീവിക്കാനാകുമെന്നതാകാം ഈ റണ്‍വേ തിരഞ്ഞെടുക്കാന്‍ പൈലറ്റിനെ പ്രേരിപ്പിച്ചത്.

2017 ഓഗസ്റ്റില്‍ ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ഇതേ റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി അപകടമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്‍ചിറക് റണ്‍വേയില്‍ ഉരസിയ സംഭവവുമുണ്ടായി. തുടര്‍ന്ന് അന്വേഷണം നടത്തിയ ഡിജിസിഎ സമിതി റണ്‍വേ പത്തിന്റെ തുടക്കത്തില്‍ ചെരിവുള്ളതായും പാടുകളുള്ളതായും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്.

pathram:
Related Post
Leave a Comment