അറ്റാഷെയെ ചോദ്യംചെയ്‌തേ പറ്റൂവെന്ന് എന്‍.ഐ.എ , ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യു.എ.ഇയില്‍നിന്ന് കൊച്ചിയില്‍ എത്തിക്കണം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാന്‍ യു.എ.ഇ. സര്‍ക്കാരിന്റെ അനുമതി തേടണമെന്ന് എന്‍.ഐ.എ. വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യു.എ.ഇയില്‍നിന്ന് എത്തിക്കണം. അറ്റാഷെ റഷീദ് ഖാമിസ് അലിമുസാഖിരി അല്‍ അഷ്മിയെ ചോദ്യംചെയ്യുകയോ അദ്ദേഹത്തില്‍നിന്നു വിവരം ശേഖരിക്കുകയോ വേണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം.

സ്വര്‍ണമടങ്ങിയ ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ചുവരെ അതു തുറന്നുപരിശോധിച്ച അറ്റാഷെയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്. നയതന്ത്രപരിരക്ഷ നഷ്ടപ്പെടുമെന്ന സൂചന കിട്ടിയതോടെയാണ് അദ്ദേഹം സാധാരണ ടിക്കറ്റെടുത്ത് യു.എ.ഇയിലേക്കു വിമാനംകയറിയത്. സ്വര്‍ണക്കടത്തില്‍ അറ്റാഷെയുടെ സഹായം ലഭിച്ചെന്നു പ്രതികളായ പി.എസ്. സരിത്തും സ്വപ്ന സുരേഷും മൊഴി നല്‍കിയിരുന്നു.

കോണ്‍സുലേറ്റ് ജീവനക്കാരനല്ലാത്ത സരിത്ത് അറ്റാഷെയുടെ കത്തുമായാണു ബാഗേജ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് തടഞ്ഞതോടെ അറ്റാഷെ നേരിട്ടെത്തി ബാഗേജ് തിരിച്ചയയ്ക്കാന്‍ കത്ത് നല്‍കി. കള്ളക്കടത്ത് തിരിച്ചറിഞ്ഞിട്ടും കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ബാഗേജിലെ നമ്പരും മുദ്രകളും എയര്‍വേ ബില്ലിലുള്ളതാണെന്ന് കസ്റ്റംസ് ഉറപ്പാക്കിയിരുന്നു.

സ്വര്‍ണം ദുബായില്‍നിന്നു കയറ്റിയയച്ചതു ഫൈസലും റബിന്‍സും ഉള്‍പ്പെട്ട റാക്കറ്റാണെന്നു പ്രതികള്‍ മൊഴിനല്‍കി. ഇവര്‍ക്കെതിരേ ദുബായ് പോലീസ് കേസെടുത്താല്‍, ഇന്ത്യക്കു കൈമാറാന്‍ വര്‍ഷങ്ങള്‍ കഴിയും. അതിനാല്‍, ഇവര്‍ക്കെതിരേ കേസെടുക്കരുതെന്നു വിദേശകാര്യമന്ത്രാലയം യു.എ.ഇ. അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കു കൈമാറുന്നത് ഒഴിവാക്കാന്‍ ഫൈസലും റബിന്‍സും ദുബായില്‍ ഏതെങ്കിലും കേസില്‍പ്പെടാന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ ദുബായ് പോലീസിന്റെ പ്രത്യേകനിരീക്ഷണത്തിലാണ് ഇവര്‍.

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം ഉറപ്പിക്കാനായാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സാക്ഷിയാക്കാമെന്ന് എന്‍.ഐ.എയ്ക്കു നിയമോപദേശം. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ മറ്റന്നാളത്തെ കോടതിവിധി ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കേസ് ഡയറി പരിശോധിച്ച്, യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തിയാല്‍ എന്‍.ഐ.എ. രണ്ടാംഘട്ടം അന്വേഷണത്തിലേക്കു കടക്കും. ഐ.എസ്. റിക്രൂട്ട്മെന്റിനായി മതപരിവര്‍ത്തനം നടത്തി ആളുകളെ അതിര്‍ത്തി കടത്തുന്ന സംഘങ്ങളുമായി പ്രതികളില്‍ ചിലര്‍ക്കു ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരുന്നു.

pathram:
Leave a Comment