ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ കാമുകി റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെ മുംബൈ ഓഫീസില്‍ വെവ്വേറെ മുറികളിലാണു ചോദ്യം ചെയ്തത്. റിയയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു സൂചന.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ തീര്‍പ്പാകുന്നതു വരെ ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന റിയയുടെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായത്. സുശാന്തിന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 15 കോടി രൂപയുടെ സംശയിക്കത്തക്ക ഇടപാടു നടന്നുവെന്നും ഇതിനു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നുമാണു ഇഡി സംശയിക്കുന്നത്. സുശാന്തിന്റെ നാല് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തില്‍നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കു പങ്കുണ്ടെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ അക്കൗണ്ടില്‍നിന്നു റിയ കോടികള്‍ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണു പരാതി. ബിഹാര്‍ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്ന കേസ് മഹാരാഷ്ട്രയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സുശാന്ത് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മുംബൈ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അമ്പതോളം പേരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങളാണ് സുശാന്തിന്റെ മരണത്തിലേക്കു നയിച്ചതെന്ന ആരോപണത്തെക്കുറിച്ചാണു മുംബൈ പൊലീസ് അന്വേഷിക്കുന്നത്. സമാന്തരമായി ബിഹാര്‍ പൊലീസും അന്വേഷണം ആരംഭിച്ചത് വിവാദമായിരുന്നു.
റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ആറു പേര്‍ പ്രതികളായ കേസിന്റെ അന്വേഷണം ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ സിബിഐക്കു കൈമാറി. വിജയ് മല്യ കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട റിയാ ചക്രവര്‍ത്തി ഇപ്പോള്‍ കേന്ദ്രതീരുമാനത്തെ എതിര്‍ക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന തീരുമാനമാണിതെന്നു റിയ പ്രതികരിച്ചു.
Leave a Comment