ക്വാറന്റീനിൽ കഴിയവെ ആത്മഹത്യാ ശ്രമം; കുരുക്ക് പൊട്ടി താഴേക്ക്; രക്ഷകനായി എസ്‌ഐ

ക്വാറന്റീനിൽ കഴിയവെ ആത്മഹത്യക്ക് ശ്രമിച്ച ആളെ സ്വന്തം സുരക്ഷ പോലും മറന്ന് രക്ഷിച്ച് കൈയടി നേടിയിരിക്കുകയാണ് പാനൂർ പ്രിൻസിപ്പൽ എസ്‌ഐ കെ വി ഗണേശൻ. തൂങ്ങി മരിച്ചെന്ന വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ എസ്‌ഐ, ആത്മഹത്യക്ക് ശ്രമിച്ച ആളുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് ശേഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഗൾഫിൽ നിന്ന് നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്ന പാത്തിപ്പാലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ ഭക്ഷണവുമായി എത്തിയ അമ്മയാണ് കഴുത്തിൽ കുരുക്ക് കെട്ടിയ നിലയിൽ താഴെ വീണ നിലയിൽ മകനെ കണ്ടത്. ഉടൻ തന്നെ സമീപവാസികളെ വിവരമറിയിച്ചു. ഇവർ വിളിച്ചുപറഞ്ഞത് അനുസരിച്ച് പത്ത് മിനിട്ടിനകം എസ്‌ഐ സ്ഥലത്തെത്തി.

എസ്‌ഐ വന്നു നോക്കുമ്പോൾ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശരീരം. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെയാണ് വസ്ത്രത്തിൽ നേരിയ ചലനം കണ്ടത്. ഉടൻ തന്നെ നെഞ്ചിൽ കൈപ്പത്തി അമർത്തി സിപിആർ നൽകി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇത് തുടർന്നു. പിന്നീട് പൊലീസ് വാഹനത്തിൽ പാനൂർ സിഎച്ച്‌സിയിലും തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ എസ്‌ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പ്രവേശിച്ചു.

pathram desk 1:
Related Post
Leave a Comment