റിയ സുശാന്തിനെ കൊലപ്പെടുത്തുമെന്ന് വീട്ടുകാര്‍ ഭയന്നിരുന്നു; താരത്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരിയില്‍ ഡിസിപി പരംജിതിന് പരാതി നല്‍കിയിരുന്നു

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഐപിഎസ് ഉദ്യോഗസ്ഥനും സുശാന്തിന്റെ സഹോദരീ ഭര്‍ത്താവുമായ ഒ.പി. സിങ് തനിക്ക് വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി ഡിസിപി പരംജിത് സിങ് ദഹിയ. സുശാന്തിന്റെ മരണത്തിനു മുന്‍പ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രാന്ദ സോണ്‍ 9 ഡിസിപി ആയിരിക്കുമ്പോഴാണ് റിയ ചക്രവര്‍ത്തിയെ സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്യണമെന്നും ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഒ.പി സിങ് തന്നോട് ആവശ്യപ്പെട്ടതെന്നും ഡിസിപി പരംജിത് പറഞ്ഞു.

സുശാന്ത് സിങ് രാജ്പുത്തും നടി റിയ ചക്രവര്‍ത്തിയുമായുള്ള ബന്ധം സുശാന്തിന്റെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. എങ്ങനെയെങ്കിലും റിയയെ ഈ ബന്ധത്തില്‍നിന്ന് ഒഴിവാക്കാനായി ഒ.പി. സിങ് അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നതായും ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പരംജിത് സിങ് വെളിപ്പെടുത്തി. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്നു കാണിച്ച് തനിക്ക് എഴുതി തയാറാക്കിയ പരാതി നല്‍കിയിരുന്ന കുടുംബത്തിന്റെ വാദം തെറ്റാണെന്നും ഡിസിപി പറഞ്ഞു.

സമാന ആവശ്യം ഉന്നയിച്ച് ഫെബ്രുവരി അഞ്ചാം തീയതി ഒ.പി. സിങ് തന്നെ വന്നു കണ്ടിരുന്നു. മിറാന്‍ഡ എന്ന വ്യക്തിയെ അന്വേഷണമൊന്നും കൂടാതെ ഒരു ദിവസം കസ്റ്റഡിയില്‍ എടുക്കാനും തന്നോട് ആവശ്യപ്പെട്ടു. എഴുതി തയാറാക്കിയ പരാതിയില്ലാതെ അന്വേഷണം നടത്താനാവില്ലെന്നും അകാരണമായി ഒരാളെ തടവില്‍ വയ്ക്കാന്‍ അനുവാദമില്ലെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചുവെന്നും ഡിസിപി പറഞ്ഞു. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്ന സുശാന്തിന്റെ പിതാവിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സുശാന്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സുശാന്ത് മരിക്കുന്നതിനും നാലു മാസം മുന്‍പായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിയമപരമായ ഒരു അന്വേഷണത്തിന് ഒ.പി സിങ്ങിന് താത്പര്യം ഇല്ലായിരുന്നുവെന്നും വിഷയം പരമാവധി പുറത്തറിയാതെ ഒത്തുതീര്‍പ്പാക്കാനാണ് ഒ.പി.സിങ് താല്‍പര്യപ്പെട്ടിരുന്നുവെന്നും ഡിസിപി വ്യക്തമാക്കി. പക്ഷേ, പരാതി ലഭിക്കാതെ അന്വേഷിക്കാനാകില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നിന്നുവെന്നും ഡിസിപി പറയുന്നു.

അതേസമയം, കേസില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. മുംബൈ പൊലീസിന്റെ അന്വേഷണം ഇഴയുന്നതിനിടെ സുശാന്തിന്റെ പിതാവിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് ശുപാര്‍ശയെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി.

എന്നാല്‍, മുംബൈയിലുണ്ടായ മരണത്തില്‍ ബിഹാര്‍ ഇടപെടുന്നതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തി. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് നടന്റെ അച്ഛന്‍ ബിഹാര്‍ പൊലീസില്‍ നേരത്തേ പരാതി നല്‍കിയത്.

pathram:
Related Post
Leave a Comment