സുശാന്തിന്റെ മരണം ; പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയത് ‘നല്ല സന്ദേശം നല്‍കുന്നില്ലെന്ന്’ സുപ്രീം കോടതി

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കാനായി മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയത് ‘നല്ല സന്ദേശം നല്‍കുന്നില്ലെന്ന്’ സുപ്രീം കോടതി. നടന്റെ മരണം സംബന്ധിച്ച് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മുംബൈ പൊലീസില്‍നിന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടും കോടതി തേടി.

കേസ് പട്‌നയില്‍നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ മുംബൈയിലേക്ക് അയച്ച പട്‌ന പൊലീസ് ഉദ്യോഗസ്ഥന്‍ വിനയ് തിവാരിയെ നിര്‍ബന്ധിച്ച് ക്വാറന്റീനിലാക്കിയെന്നാണ് മുംബൈ പൊലീസിനെതിരായ ആരോപണം.

നടന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചതായി വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് പട്ന, മുംബൈ പൊലീസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

പട്‌ന പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങാണ് റിയയ്‌ക്കെതിരെ പട്‌ന പൊലീസില്‍ പരാതി നല്‍കിയത്.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ അനധികൃതമായി കൈമാറിയെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പൊലീസിന്റെ അധികാരപരിധി ചോദ്യം ചെയ്താണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്

pathram:
Leave a Comment