പോലീസിനെ നിയോഗിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിരോധത്തില്‍ പോലീസിനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പോലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യ പ്രവര്‍ത്തകരും പോലീസുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലുകളും തുടക്കം മുതല്‍ ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല രോഗവ്യാപനം വര്‍ധിക്കുന്ന ഈ ഘട്ടത്തില്‍. രോഗികളുടെ എണ്ണം കൂടുകകയാണ്. വീടുകളില്‍ നിരീക്ഷണത്തിലുളളവരുടെ എണ്ണവും കൂടുകയാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെടുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും കൂടി. കോണ്‍ടാക്ട് ട്രേസിങ് കൂടുതല്‍ വിപുലമായി മാറി.

നാട്ടില്‍ സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചതോടെ ആ രംഗത്തും പുതുതായി ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈല്‍ യൂണിറ്റുകള്‍ കൂടുതലായി, ടെസ്റ്റിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇതെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ധിപ്പിച്ചു. വീടുകളില്‍ ചികിത്സയ്ക്കുളള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം വര്‍ധിക്കും. അത്തരമൊരു ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കേണ്ടതുണ്ട്. സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണ്. നേരത്തേ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്തുവരുന്നു.

സംസ്ഥാനത്ത് വലിയ തോതില്‍ രോഗവ്യാപനം വരുന്നു. ആ സാഹചര്യത്തില്‍ പോലീസിനെ കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയല്ല പോലീസ് ചെയ്യുക. അതൊക്കെ അവര്‍ തന്നെ ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി എന്തോ പോലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഒരു ശ്രമം നടന്നിട്ടുണ്ട്. അതേസമയം പോലീസിന് അധിക ജോലി ഏല്‍പ്പിക്കുന്നുണ്ട് അത് ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ സംവിധാനത്തേയും വലിയ തോതില്‍ ഇടപെട്ട് സഹായിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ആ തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. എങ്ങനെയെങ്കിലും ഏതു വിധേനയും രോഗവ്യാപനം വലിയ തോതിലാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ സാധിക്കൂ’വെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകളും അവര്‍ അനുഷ്ഠിക്കുന്ന ത്യാഗപൂര്‍ണമായ സേവനവും അറിയാത്തവര്‍ കേരളത്തില്‍ ആരാണ് ഉളളതെന്ന് ചോദിച്ച മുഖ്യമന്ത്രി, എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും വേണ്ട സഹായങ്ങള്‍ അവര്‍ക്ക് നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഓര്‍മിപ്പിച്ചു.

pathram:
Related Post
Leave a Comment