റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക്‌ കൊവിഡ് പോസിറ്റീവ്

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീണ് പരുക്കു പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്. തുടർന്നാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്.

പച്ചക്കറി കച്ചവടക്കാരനായ ഇയാൾ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട് ഓടയിൽ വീണ് പരുക്കേറ്റു. തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ നാഗ്പൂരിലെ മയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് ഡിസ്ചാർജ് ആയപ്പോഴാണ് ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്.

മോഷ്ടിച്ച കിറ്റുമായി ഇയാൾ വീട്ടിലേക്ക് പോയി. താൻ 1000 രൂപയ്ക്ക് വാങ്ങിയ പുതിയ കോട്ടാണെന്നാണ് ഇയാൾ സുഹൃത്തുക്കളോട് ഇതേപ്പറ്റി പറഞ്ഞത്. എന്നാൽ, ഇത് റെയിൻ കോട്ടല്ലെന്നും പിപിഇ കിറ്റാണെന്നും മനസ്സിലായ ചിലർ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. പിന്നാലെ ആരോഗ്യപ്രവർത്തകർ എത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇയാൾ കിറ്റ് ആശുപത്രിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ കിറ്റ് പിടിച്ചെടുത്ത് കത്തിച്ചുകളഞ്ഞു.

തുടർന്ന് ഇയാളുടെ സാമ്പിൾ ശേഖരിച്ച് കൊവിഡ് പരിശോധനക്കായി അയച്ചു. പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറ്റർന്ന് ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സാമ്പിളും പരിശോധനക്കയച്ചു. ഇവരുടെയൊക്കെ പരിശോധനാഫലം നെഗറ്റീവാണ്.

pathram desk 2:
Leave a Comment