കൊവിഡ് രോഗികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യത പുലർത്തുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയാണ് പഠനം നടത്തിയത്. പട്ടികയിൽ യുപി, ബീഹാർ സംസ്ഥാനങ്ങളാണ് ഏറ്റവും അവസാനമുള്ളത്. ഗോവയാണ് ഇവർക്ക് തൊട്ടുമുകളിൽ ഉള്ളത്.
കർണാടകയാണ് പട്ടികയിൽ ഒന്നാമത്. 0.61 ആണ് കർണാടകയുടെ സ്കോർ. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൻ്റെ സ്കോർ 0.52. മഹാരാഷ്ട്ര-0.39, ഡൽഹി- 0.26, ഗോവ- 0.21 എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട സ്കോറുകൾ. ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളുടെ സ്കോർ പൂജ്യമാണ്. ആകെ 29 സംസ്ഥാനങ്ങളെയാണ് അവർ പഠനവിധേയമാക്കിയത്.
രോഗികളുടെ ലിംഗം, പ്രായം, മറ്റ് അസുഖങ്ങൾ, യാത്രാവിവരങ്ങൾ എന്നിവയിൽ പലതും ഗോവ റിപ്പോർട്ട് ചെയ്യാറില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുൻപ് തന്നെ ഗോവയിലെ കൊവിഡ് റിപ്പോർട്ടിംഗ് കാര്യക്ഷമമല്ലെന്ന് വിമർശനം ഉയർന്നിരുന്നു. കുറഞ്ഞ രോഗനിരക്കും മരണനിരക്കും കൊവിഡ് വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടാണെന്നും ചിലർ കുറ്റപ്പെടുത്തി. ഗോവ സർക്കാർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ കണക്കുകൾ വ്യാജമാണെന്നുമുള്ള വിമർശനങ്ങളും ചിലർ ഉന്നയിച്ചു. അടുത്തിടെ കൊവിഡ് മുക്തനായി ആശുപത്രി വിട്ട ഒരു എംഎൽഎ കൊവിഡ് ബാധിതനായി മരണപ്പെട്ടിരുന്നു.
സർക്കാരിൻ്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 6193 കൊവിഡ് കേസുകളാണ് ഗോവയിൽ റിപ്പോർട്ട് ചെയ്തത്. 4438 പേർ രോഗമുക്തി നേടിയപ്പോൾ 48 പേർ മരണപ്പെട്ടു.
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എന്‍ജിനീയറിംഗ് ആണ് പഠനം നടത്തിയത്. ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകള്‍ ആണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവിധേയമാക്കിയത്.
Leave a Comment