ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേര്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ ഒരു പ്രത്യേകത ലക്ഷകണക്കായ സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജീവിക്കുന്നു എന്നതാണ്. വളരെയധികം രോഗബാധയുള്ള സ്ഥലങ്ങളിലാണ് അവരുടെ ജീവിതം. അതില്‍ ലക്ഷകണക്കിനാളുകള്‍ ഇപ്പോള്‍ ഇങ്ങോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4,34,491 പേര്‍ വന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് 2,69,486 പേര്‍ വന്നു. എല്ലാവരും ഇങ്ങോട്ടുവരട്ടെ എന്ന നിലപാടാണ് നാം സ്വീകരിച്ചത്. വന്നവരില്‍ 3672 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ഇവിടെയുണ്ടാക്കി. അതോടൊപ്പം രോഗം പകരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ സ്വീകരിച്ചു. ഇത് നല്ല ഫലമാണുണ്ടാക്കിയത്. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒരുതരം അലംഭാവം പ്രകടമായി.

രോഗം വന്നാല്‍ ചികിത്സിക്കല്‍ മാത്രമല്ല നമ്മുടെ കടമ. രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുന്നത്. കടുത്ത നടപടികള്‍ നമ്മുടെ നാടിന്റെ ഭാവിക്കുവേണ്ടിയാണ്. അതിന് എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് കുറച്ചുകൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment