പട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ‘കൊന്ന’താണെന്ന് അദ്ദേഹത്തിന്റെ ബന്ധുവും ബിഹാറിലെ ബിജെപി എംഎല്‍എയുമായ നീരജ് ബബ്‌ലു നിയമസഭയില്‍. സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും നീരജ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവും നീരജിനെ പിന്തുണച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനെ മുംബൈ പൊലീസ് എതിര്‍ക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നീരജിന്റെ പ്രസ്താവന. അന്വേഷണത്തിനായി മുംബൈയിലെത്തിയ ബിഹാര്‍ ഐപിഎസ് ഓഫിസറോട് ക്വാറന്റീനില്‍ പോകണമെന്ന് ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. രാജ്ഗിറില്‍ നിര്‍മാണത്തിലിരിക്കുന്ന ഫിലിംസിറ്റിക്ക് സുശാന്തിന്റെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂണ്‍ 14ന് മുംബൈയിലെ വസതിയിലാണു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. എന്നാല്‍ ബോളിവുഡിലെ ഗ്രൂപ്പ് കളിയും പകവീട്ടലുമാണോ സുശാന്തിന്റെ മരണത്തിലേക്കു നയിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിനു ബൈപോളാര്‍ ഡിസോഡര്‍ ആണെന്നും ചികിത്സ തേടിയിരുന്നുവെന്നും മുംബൈ പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് ബിഹാര്‍ പൊലീസ് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് റിയ കോടികള്‍ സ്വന്തമാക്കിയെന്നും നടനെ മാനസികമായി പീഡിപ്പിച്ചെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു
Leave a Comment