സംസ്ഥാനത്ത് ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 9 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസ് (71) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗ ബാധിതന്‍ കൂടിയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജിലാണു മരിച്ചത്. മൃതദേഹം തൈക്കാട് സംസ്‌കരിച്ചു.

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പില്‍ സി.കെ.ഗോപി (70) കോവിഡ് ബാധിച്ച് മരിച്ചു. ലോട്ടറി വില്‍പനക്കാരനായിരുന്നു. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധിതനാണ്. കുടുംബത്തിലെ മൂന്നുപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതോടെ മേഖലയില്‍ കോവിഡ് മരണം 10 ആയി.

മലപ്പുറത്ത് കോവിഡ് ബാധിച്ചു 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്. പരിശോധനയില്‍ കുടുംബത്തിലെ മറ്റ് ആറു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാതാവ് കൊണ്ടോട്ടിക്കടുത്തു പുളിക്കല്‍ അരൂരിലെ വീട്ടില്‍ ലുലു തസ്രീഫയുടെ വീട്ടില്‍ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സല്‍ക്കാരത്തിന് എത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്.

പെരുന്നാള്‍ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിനു പനിയോടു കൂടിയ ശാരീരി അസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു, തുടര്‍ന്നു പുളിക്കല്‍ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയ ഈ കുടുംബത്തിലെ ആറു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്തായിരുന്നു. പിന്നീട് കോവിഡ് വ്യാപനം ശക്തമായതോടെ നാട്ടിലേക്കു മടങ്ങിയതായിരുന്നു. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കാസര്‍കോട് ഉപ്പളയില്‍ ഷഹര്‍ ബാനുവാണ് (70) കോവിഡ് ബാധിച്ചു മരിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരു കോവിഡ് മരണം കൂടി. ചക്കരക്കല്‍ സ്വദേശി സജിത്താണ്(41) മരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ നിന്ന സഹോദരനും കോവിഡ് സ്ഥിരീകരിച്ചു.

പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച വടകര ചോമ്പാല സ്വദേശി പുരുഷോത്തമനു കോവിഡ് സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജി എന്നിവരാണു മരിച്ച മറ്റുള്ളവര്‍. അസൈനാര്‍ ഹാജിക്ക് റാപ്പിഡ്‌ െടസ്റ്റിലാണ് കോവി!ഡ് സ്ഥിരീകരിച്ചത്.

വയനാട്ടില്‍ കുഴഞ്ഞുവീണു മരിച്ച യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. വാളാട് കെ.സി.ചന്ദ്രനാണു കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഔദ്യോഗികമായി 82 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 0.33 ശതമാനമാണ് കേരളത്തിന്റെ കോവിഡ് മരണനിരക്ക്.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment