ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്ക് കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹംതന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 ന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയാണ്.

താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ അദ്ദേഹം അതീവ ശ്രദ്ധ ആവശ്യമായ വ്യക്തിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കാനും തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയത് ആ യോഗത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളില്‍ ഒരാളാണ് അമിത് ഷാ.

രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ച ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും അമിത് ഷായുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ അമിത് ഷായുടെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. താന്‍ ജോലിത്തിരക്കുകളില്‍ മുഴുകി ഇരിക്കുകയാണെന്നും തനിക്കെതിരെ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് യാതൊരു വിരോധവും ഇല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കുതന്നെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

pathram desk 2:
Related Post
Leave a Comment