ഉദ്ഘാടനത്തിന്‌ മന്ത്രിക്ക്‌ നാട മുറിക്കാൻ കത്രിക നല്‍കിയത് കോവിഡ് ബാധിതന്‍; ചടങ്ങില്‍ പങ്കെടുത്തത് 150 പേര്‍…

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ, മന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ കോവിഡ് പോസിറ്റീവ് ആയ ചോഴിയക്കോട് സ്വദേശി പങ്കെടുത്തു. സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി കെ.രാജുവിന് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടത്തും.

അരിപ്പ ഗവ.എംആർ സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത അടുത്ത സമ്പർക്കത്തിലുള്ള 20 പേർക്കു നടത്തിയ ദ്രുതപരിശോധനയിൽ എല്ലാം നെഗറ്റീവ്. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചു 30 പേർ മാത്രമെ ചടങ്ങിനെത്തൂവെന്നായിരുന്നു മന്ത്രിക്കു ലഭിച്ച അറിയിപ്പ്.

30 പേർക്കു മാത്രമായിരുന്നു അനുമതിയെങ്കിലും പങ്കെടുത്തതു 150ലേറെ പേർ. വലിയ ആൾക്കൂട്ടം കണ്ട മന്ത്രി ഇതിനെ വിമർശിക്കുകയും അകലം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. മന്ത്രിക്കു നാട മുറിക്കാൻ കത്രിക താലത്തിലെത്തിച്ചതു കോവിഡ് പോസിറ്റീവായ യുവാവാണെന്നാണു സൂചന. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, 17 പഞ്ചായത്തംഗങ്ങൾ, സിപിഎം, സിപിഐ നേതാക്കൾ എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രധാനപ്പെട്ടവർ.

പുനലൂർ ആർഡിഒ, തഹസിൽദാർ, മറ്റു റവന്യു, തദ്ദേശ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 15 ദിവസം നിരീക്ഷണത്തിലായ യുവാവിനോടു പരിശോധനാ ഫലം ലഭിക്കും വരെ പുറത്തിറങ്ങരുതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. കണ്ടെയ്ൻമെന്റ് മേഖലയായ ചോഴിയക്കോട്ട് കോവിഡ് പെരുമാറ്റച്ചട്ടം കർക്കശമായി പാലിച്ചു മാത്രമെ ചടങ്ങ് നടത്താവൂ എന്ന നിർദേശവും കാറ്റിൽപ്പറത്തി.

pathram:
Leave a Comment