ആദ്യം വാക്‌സിന്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ;കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി റഷ്യ

മോസ്‌കോ: ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ നടപ്പാക്കാന്‍ റഷ്യ. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളിലൊന്ന് ക്ലിനിക്കല്‍ ട്രയല്‍ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി. മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്‌സിന്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്‌സിന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്‍പാദിപ്പിക്കുന്ന തരം വാക്‌സിനിലാണ് റഷ്യയുടെ പരീക്ഷണം.

അതേസമയം ഇത്രയേറെ വേഗത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സില്‍വച്ചാണ് റഷ്യ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ 1957ല്‍ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്‌നിക്–1 വിക്ഷേപിച്ച സോവിയറ്റ് യൂണിയനോടാണ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങളെ ഒരു വിഭാഗം ഉപമിക്കുന്നത്. യുഎസിനെ മറികടന്ന് അന്ന് സോവിയറ്റ് യൂണിയന്‍ അത്തരമൊരു നേട്ടം കൈവരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

ഓഗസ്റ്റ് 2 വരെ റഷ്യയില്‍ കോവിഡ് ബാധിച്ച് 14,058 പേരാണു മരിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് പുതിയ 5462 കേസുകള്‍. നിലവില്‍ 845,443 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നൂറോളം വാക്‌സിനുകളാണ് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാന്‍ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതില്‍ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു

pathram:
Leave a Comment