കൊറോണ വൈറസിനെതിരെ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

കോവിഡ്19 നെതിരെയുള്ള വാക്‌സിന്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ, കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട്. സൈബീരിയ വെക്ടര്‍ (ഢഋഇഠഛഞ) സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെകനോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന്റെ വര്‍ധനവും അതിജീവനവും സാധ്യമല്ലെന്ന സുപ്രധാന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തില്‍ കൊറോണവൈറസ് നിര്‍വീര്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 90 ശതമാനവും, 99.9 ശതമാനം 72 മണിക്കൂറിനുള്ളിലും നശിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തിളക്കുന്ന വെള്ളത്തില്‍ കൊറോണവൈറസ് തല്‍സമയം പൂര്‍ണമായി നശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ക്ലോറിനേറ്റ് ചെയ്യാത്ത ജലത്തിലും കടല്‍വെള്ളത്തിലും വൈറസിന് വര്‍ധനവുണ്ടാകുന്നല്ലെന്നും വെള്ളത്തിന്റെ താപനിലയ്ക്കനുസരിച്ച് വൈറസിന്റെ ആയുസിന് വ്യത്യാസം ഉണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലോറിനേറ്റ് ചെയ്ത ജലവും കൊറോണവൈറസിനെ നശിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഗവേഷണഫലം അടുത്തിടെയാണ് പുറത്തു വിട്ടത്.

വാക്‌സിന്‍ പരീക്ഷണങ്ങളിലും റഷ്യ ബഹുദൂരം മുന്നിലെത്തിയതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മോസ്‌കോയിലെ ഗവേഷണകേന്ദ്രമായ ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയതായും വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി.

ഒക്ടോബറോടെ റഷ്യയില്‍ വന്‍തോതില്‍ വാക്‌സിന്‍ കാംപെയ്ന്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡോക്ടര്‍മാര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നതായും മുറാഷ്‌കോ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റില്‍ തന്നെ റഷ്യയുടെ ആദ്യ ഫലപ്രദ കോവിഡ് വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുമെന്നും നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment